വിദേശത്തുനിന്ന് എത്തിയ ഭർത്താവ് തൂങ്ങിമരിച്ചു: മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
text_fieldsചടയമംഗലം: വിദേശത്തുനിന്ന് എത്തിയ ഭർത്താവ് തൂങ്ങിമരിച്ച് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി തൂങ്ങിമരിച്ചത്.
ഭാര്യ രണ്ടു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഭർത്താവ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഇയാളുടെ ഭാര്യ തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നത്രെ. ഈ വിവരം അറിഞ്ഞെത്തിയ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഭാര്യ ഉറച്ചുനിൽക്കുകയായിരുന്നു.
ഇതിന്റെ മനോവിഷമത്തിലായിരുന്നു ഭർത്താവ്. തിങ്കളാഴ്ച വൈകീട്ട് ഇയാളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണവിവരം പുറത്തറിഞ്ഞ് മണിക്കൂറുകൾക്കകം ഭാര്യ കാമുകനൊപ്പം നാടുവിട്ടെന്നാണ് പരാതി. യുവാവ് ജീവനൊടുക്കാൻ കാരണക്കാരായവർക്കെതിരെ നിയമനടപടി എടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

