
കരിപ്പൂരിൽ സ്ത്രീകളെ ഉപയോഗിച്ച് ഹണി ട്രാപ്പ്; ലക്ഷങ്ങൾ തട്ടി, രണ്ടുപേർ അറസ്റ്റിൽ
text_fieldsകൊണ്ടോട്ടി: സ്ത്രീകളെ ഉപയോഗിച്ച് ഫോണിൽ വിളിപ്പിച്ച് കെണിയിൽ കുടുക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം അരീക്കാട് കിഴക്കേകോട്ടപ്പറമ്പ് ജിഷാദ് (32), മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക വട്ടപ്പറമ്പ് യാക്കൂബ് (32) എന്നിവരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ജൂണിൽ പെരിന്തൽമണ്ണ സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിന് സമീപത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ കേസിൽ ഇക്കഴിഞ്ഞ ജനുവരിയിൽ വേങ്ങര വാളക്കുട സ്വദേശി ശിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ മറ്റൊരു കേസിൽ കർണാടക ജയിലിലാണ്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് രണ്ട് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരെയാണ് സംഘം ഇരയാക്കുന്നത്. സ്ത്രീകളെക്കൊണ്ട് ഫോണിൽ വിളിപ്പിച്ച് കരിപ്പൂരിലെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയാണ് ചെയ്യാറുള്ളത്.
തുടർന്ന് സ്ത്രീകളോടൊപ്പമുള്ള ഫോട്ടോസും വിഡിയോസും എടുത്ത ശേഷം ഇത് കാണിച്ച് ലക്ഷങ്ങൾ തട്ടും. ഇവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമെന്ന് പറഞ്ഞ് വീണ്ടും പണമാവശ്യപ്പെടും. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
