വീടുകയറി ആക്രമണം: മൂന്നുപേർ അറസ്റ്റിൽ
text_fieldsമോനുരാജ്, മനീഷ് ഗോപി, കൃഷ്ണകുമാർ
തൃക്കൊടിത്താനം: യുവാവിനെയും മാതാവിനെയും വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. പൊങ്ങന്താനം, ശാന്തിനഗർ കോളനിയിൽ മുള്ളനാക്കൽ മോനുരാജ് (29), പന്തിരുപറ കോളനിയിൽ ചൂരത്തറ മനീഷ് ഗോപി (29), കുറുമ്പനാടം പൈലിക്കവല പറമ്പിൽ വി.ആർ. കൃഷ്ണകുമാർ (31) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടപ്പള്ളി സ്വദേശിയായ യുവാവിനെയും മാതാവിനെയും ഇവർ സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തും സഞ്ചരിച്ച ഓട്ടോറിക്ഷ മാടപ്പള്ളി പുളിയാകുന്ന് ജങ്ഷനിൽ ഇവർ തടഞ്ഞുനിർത്തുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവിടെനിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവാവിനെ ഇവർ പിന്തുടർന്നെത്തി വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെയും മാതാവിനെയും വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇവര്‍ കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ തിരച്ചിലിനൊടുവില്‍ ഇവരെ പിടികൂടുകയുമായിരുന്നു.
മോനു രാജും മനീഷ് ഗോപിയും ക്രിമിനൽകേസുകളിൽ പ്രതിയാണ്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.ഐ അഖിൽദേവ്, എസ്.ഐ അൻസാരി, സി.പി.ഒമാരായ അരുൺ, ജസ്റ്റിൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

