പി.വി. അൻവറിന്റെ കുടുംബത്തിന്റെ മിച്ചഭൂമി: ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി. അൻവർ എം.എൽ.എയും കുടുംബാംഗങ്ങളും കൈവശം വെച്ച മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി. മലപ്പുറം ജില്ല വിവരാവകാശ പ്രവർത്തക കൂട്ടായ്മയുടെ കോഓഡിനേറ്ററും ഭൂരഹിതനുമായ കെ.വി. ഷാജി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. ഹരജി ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
പി.വി അൻവർ എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും മിച്ചഭൂമി ആറു മാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈകോടതി 2020 മാർച്ച് 20ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ അഞ്ചുമാസത്തിനുള്ളിൽ മിച്ച ഭൂമി തിരിച്ചു പിടിക്കാൻ 2022 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചിട്ടില്ലെന്നാണ് കെ.വി. ഷാജിയുടെ ആരോപണം.

