തത്സമയ സംപ്രേഷണത്തിന് ആപ് വികസിപ്പിച്ച് ഹൈകോടതി
text_fieldsകൊച്ചി: കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് യു ട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് പകരം സ്വന്തമായ ആപ്ലിക്കേഷനുമായി ഹൈകോടതി. കോടതിയുടെ നിയന്ത്രണത്തിലുള്ള സെർവറിലൂടെ ലൈവ് സ്ട്രീമിങ് നടത്തുന്നതിനാൽ കോടതി നടപടിക്കുശേഷം ഇതിന്റെ വിഡിയോ ഓൺലൈനിൽ ലഭ്യമാകാത്ത വിധമുള്ളതാണ് പുതിയ സംവിധാനം. യു ട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെ ലൈവ് സ്ട്രീമിങ് ചെയ്യുമ്പോൾ കോടതി നടപടികൾ ഓൺലൈനിൽ സ്ഥിരമായി ലഭ്യമാകുമായിരുന്നു. ഹൈകോടതിയിലെ ഐ.ടി സംഘമാണ് പുതിയ സംവിധാനം വികസിപ്പിച്ചത്.
വ്യാഴാഴ്ച പുതിയ ആപ്ലിക്കേഷനിലൂടെ ഹൈകോടതി ഫുൾകോർട്ട് സിറ്റിങ്ങിന്റെ ലൈവ് സ്ട്രീമിങ് നടത്തി. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഫുൾബെഞ്ച് സിറ്റിങ്ങാണ് ലൈവ് സ്ട്രീമിങ്ങിലൂടെ സംപ്രേഷണം ചെയ്തത്. വി കൺസോൾ സോഫ്റ്റ്വെയറാണ് ഓൺലൈൻ സിറ്റിങ്ങിന് ഉപയോഗിക്കുന്നത്.

