ഹജ്ജ്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോയ 984 തീര്‍ഥാടകര്‍ തിരിച്ചെത്തി
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയ 984 തീര്‍ഥാടകര്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി തിരിച്ചെത്തി. മടക്കയാത്രയുടെ മൂന്നാം ദിവസമായ ബുധനാഴ്ച രണ്ടു സംഘങ്ങളിലായി 331 പേരാണ് നാട്ടിലെത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ആദ്യ വിമാനം 166 തീര്‍ഥാടകരുമായി വൈകീട്ട് 4.55നും രണ്ടാമത്തെ വിമാനം 165 പേരുമായി രാത്രി 7.55നും റൺവേയിലിറങ്ങി.
ഹാജിമാരെ തിരിച്ചെത്തിക്കാന്‍ ഇതുവരെ ആറു വിമാനങ്ങളാണ് മദീനയില്‍നിന്ന് കരിപ്പൂരിലേക്ക് സർവിസ് നടത്തിയത്. കൊച്ചിയില്‍നിന്നും കണ്ണൂരില്‍നിന്നും യാത്രയായവര്‍ ജൂലൈ 10 മുതലാണ് തിരിച്ചെത്തുക. കൊച്ചിയിലേക്ക് 16 വിമാനങ്ങളും കണ്ണൂരിലേക്ക് ഒമ്പതു സർവിസുകളുമാണ് ഹാജിമാരുടെ മടക്കയാത്രക്കായി സൗദി എയര്‍ലൈന്‍സ് ക്രമീകരിച്ചത്. അവസാന സംഘം ജൂലൈ 22ന് കരിപ്പൂരിലെത്തും.

