Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കരി​​ങ്കൊടി പ്രതിഷേധം: വീണ ജോർജിന് കുരുക്കായി ഗൺമാന്റെ പുതിയ മൊഴി; ആദ്യമൊഴി നൽകിയത് വീണ പറഞ്ഞിട്ടെന്ന്

text_fields
bookmark_border
Former Health Minister Veena George injured
cancel
camera_alt

മുൻ ആരോഗ്യമന്ത്രി വീണ ജോർജ്

കണ്ണൂർ/കൊടുമൺ: മന്ത്രിയായിരിക്കെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ വഴിത്തിരിവായി ഗൺമാന്റെ മൊഴിമാറ്റം. ആയുധം ഉപയോഗിച്ച് ആക്രമിച്ചതായി മൊഴി നൽകിയത് മന്ത്രി പറഞ്ഞിട്ടാണെന്നും താൻ അത് നേരിൽ കണ്ടിട്ടില്ലെന്നും ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി.

അഭിലാഷിന് പുറമേ സംഭവ സ്ഥലത്തുണ്ടായിരുന്ന രണ്ടു പൊലീസുകാരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മന്ത്രിയെ അക്രമിക്കുന്നത് കണ്ടില്ലെന്ന മൊഴിയാണ് പൊലീസുകാർ നൽകിയത്. അടിക്കുന്നത് കണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങളിൽ വ്യക്തമായ മറുപടിയുണ്ടായില്ല.

പത്തനംതിട്ട കൊടുമണ്ണിലെ വീട്ടിലെത്തി വീണാ ജോർജിന്റെ ​മൊഴിയും എസ്.ഐ.ടി തലവൻ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡൻഡ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി. വധശ്രമം നടന്നില്ലെന്നാണ് മൊഴിയെന്നാണ് വിവരം. രണ്ടു മണിക്കൂറിലധികം മൊഴിയെടുപ്പ് തുടർന്നു.

കെ.എസ്.യു ജില്ല പ്രസിഡന്റ് എം.സി. അതുൽ, ബിതുൽ ബാലൻ, വി.വി. അക്ഷയ്, സി.എച്ച്. മുബാസ്, അഹമ്മദ് യാസീൻ എന്നിവർക്കെതിരെ വധശ്രമ വകുപ്പ് ചുമത്തിയാണ് അറസ്‌റ്റ് ചെയ്ത് ജയിലിലടച്ചത്. രണ്ടാഴ്ചത്തെ റിമാൻഡ് കഴിഞ്ഞാണ് പ്രവർത്തകർ ജാമ്യത്തിൽ പുറത്തിറങ്ങിയത്. 2026 ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലായിരുന്നു അന്നത്തെ മന്ത്രി വീണക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെ.എസ്.യു പ്രവർത്തകർ മന്ത്രിക്കുനേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചെന്നാണ് റെയിൽവേ പൊലീസിന്റെ എഫ്.ഐ.ആർ. ഒപ്പം മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസിന്റെ കൃത്യനിർവഹണം തടഞ്ഞു, റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങളുണ്ടാക്കി തുടങ്ങിയ വകുപ്പുകളും ചേർത്തു. എന്നാൽ, കുറ്റപത്രം നൽകുമ്പോൾ വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകൾ ഒഴിവാക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ‘ഗുരുതരാവസ്ഥ’യിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ച വീണ ജോർജ് ചികിത്സയിലായിരുന്ന മറ്റു രോഗികൾക്കൊപ്പം എടുത്ത സെൽഫി പുറത്തുവന്നതും തൊട്ടടുത്ത ദിവസം പുലർച്ചെ ഡിസ്ചാർജ് വാങ്ങി പത്തനംതിട്ടയിലെ വീട്ടിലേക്ക് മടങ്ങിയതുമടക്കം വിവാദമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വീണാ ജോർജിനെയും എൽ.ഡി.എഫിനെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കോടതി കേസ് തള്ളിയതും വലിയ തിരിച്ചടിയാണ് ഇടതുമുന്നണിക്കുണ്ടാക്കിയത്. യു.ഡി.എഫ് അധികാരത്തിൽവന്ന ശേഷം ഇതേകുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സംഘമാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gunman's new statement against Veena George in black flag protest
Next Story