‘ആടുജീവിതം’ സ്നേഹശിൽപം നജീബിന് സമ്മാനിക്കും
text_fieldsകൊടുങ്ങല്ലൂർ: ‘ആടുജീവിതം’ നോവലും സിനിമയും പ്രതീകാത്മകമായി സമന്വയിപ്പിച്ച് ശിൽപി ഡാവിഞ്ചി സുരേഷ് തയാറാക്കിയ ‘ആടുജീവിതം സ്നേഹശിൽപം’ നജീബിന് സമ്മാനിക്കും. ശനിയാഴ്ച രാവിലെ 11ന് ആലപ്പുഴ ആറാട്ടുപുഴയിലെ നജീബ് എന്ന ഷുക്കൂറിന്റെ വീട്ടിൽ വെച്ചായിരിക്കും സ്നേഹശില്പം സമ്മാനിക്കുക. കലാകാരന്മാരുടെ കൂട്ടായ്മയായ എക്സോട്ടിക് ഡ്രീംസിലെ അംഗങ്ങളും പങ്കെടുക്കും. ശിൽപത്തോടൊപ്പം കലാകാരന്മാർ വരച്ച ചിത്രങ്ങളും കൈമാറും.
ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവൽ വെള്ളിത്തിരയിലെത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും ഉൾപ്പെടുത്തി തയാറാക്കിയ ശിൽപം സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുമ്പേ നിർമിച്ചതാണ്. ഇരുമ്പുകമ്പികളും തകിട് ഷീറ്റുകളും ഫൈബർ മെറ്റീരിയലും ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശിൽപനിർമാണം.

