400 കോടി വേണം; എൽ.പി.എസ്.ടി അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയ് കുറക്കുന്നതിന് തടയിട്ട് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: എൽപിഎസ്ടി തസ്തികയിലേക്കുള്ള അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിനെ എതിർത്ത് ധനവകുപ്പ്. അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആക്കി കുറച്ചാൽ സർക്കാരിന് ഏകദേശം 400 കോടിയുടെ അധിക ബാധ്യത വരുമെന്നാണ് ധനവകുപ്പ് കണക്കുകൂട്ടുന്നത്. മാത്രമല്ല, ഈ അനുപാതം നടപ്പിലാക്കിയാൽ അത് എൽപിയിൽ മാത്രം ഒതുങ്ങില്ലെന്നും യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടി വരും. ഇത് ഭാവിയിൽ പല നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് ധനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇതോടെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ ഒരു സമയവായത്തിനുള്ള സാധ്യത മങ്ങുകയാണ്.
സമരം ഒത്തുതീർപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ധനവകുപ്പിന്റെ കർശന നിലപാട് ചർച്ചകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മറ്റ് തിരക്കുകളിലായതിനാൽ അന്തിമ തീരുമാനത്തിൽ അവ്യക്തത തുടരുകയാണ്.
എന്നാൽ അനുകൂലതീരുമാനം വരുംവരെ സെക്രട്ടറിയേറ്റിനുമുന്നിലെ സമരം തുടരാൻ ലോവർ പ്രൈമറി സ്കൂൾ ടീച്ചർ (എൽ.പി.എസ്.ടി) റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻസതീരുമാനം. ചർച്ചക്കു തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടർന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസാണ് അറിയിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഉടൻ ചർച്ച നടത്താൻ സർക്കാർ തയാറാകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
25ാം ദിവസവും ആശുപത്രിയിൽ നിരാഹാരം തുടരുകയാണ് വളർമതി. ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലെ മെഡിസിൻ വകുപ്പ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിരുന്നു.

