Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്തു; പരീക്ഷാ അട്ടിമറിയിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും, ചെയർമാന് ഹാജരാകാൻ നോട്ടീസ് നൽകി എസ്.ഐ.ടി

text_fields
bookmark_border
പി.എസ്.സി അംഗങ്ങളെ ചോദ്യം ചെയ്തു; പരീക്ഷാ അട്ടിമറിയിൽ പുതിയ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും, ചെയർമാന് ഹാജരാകാൻ നോട്ടീസ് നൽകി എസ്.ഐ.ടി
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണ ഭാഗമായി പി.എസ്‍.സി ചെയർമാൻ എം.ആർ. ബൈജു ബുധനാഴ്ച ഹാജരാകാൻ നോട്ടിസ് നൽകി ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി. കഴിഞ്ഞദിവസം കേസ് പരിഗണിച്ച ഹൈകോടതി രൂക്ഷവിമ‍ർശനം നടത്തിയതിനെ തുടർന്ന് മൂന്ന് പി.എസ്‍.സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി. സെയ്ഫ്, ഡോ. ശ്രീകുമാർ, ഡോ. സ്റ്റാനി തോമസ് എന്നിവരാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായത്. അന്വേഷണസംഘത്തലവൻ ഐ.ജി. അജീതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു.

രണ്ട് അംഗങ്ങള്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുമുണ്ട്. നേരത്തെ എസ്.ഐ.ടി അന്വേഷണത്തോട് സഹകരിക്കാതിരുന്ന പി.എസ്.സി അധികൃതരുടെ നിലപാടിൽ മാറ്റം വന്നെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പരീക്ഷ അട്ടിമറിയിൽ ചെയർമാനെ സംശയ നിഴലാക്കുന്ന ആരോപണങ്ങളോടെ ഒരു കത്ത് ചില അംഗങ്ങള്‍ ചേർന്ന് നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.

ആ കത്തും ഇപ്പോള്‍ എസ്.ഐ.ടിക്ക് മുന്നിലുണ്ട്. ചെയർമാനെതിരെ അംഗങ്ങള്‍ എന്ത് മൊഴി നൽകിയെന്നത് ഈ കേസിൽ നിർണായകമാണ്. അതിനിടെ പി.എസ്.സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റർ ചെയ്യാനും എസ്.ഐ.ടി തീരുമാനിച്ചു. മോട്ടോർ വാഹന വകുപ്പിലേക്കുള്ള എ.എം.വി, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. ആസൂത്രണ ബോർഡ് പരീക്ഷക്ക് പുറമെ 150ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിയുടെ പരിഗണനയിലുള്ളത്. ഹൈകോടതിയിൽ നിന്നും ഗ്രീൻ സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ആസൂത്രണ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഹാജരാകണമെന്ന് കാണിച്ച് പി.എസ്.സി അധികൃതർക്ക് മുമ്പ് രണ്ട് തവണ എസ്.ഐ.ടി നോട്ടീസ് നൽകിയിരുന്നെങ്കിലും അത് അംഗീകരിക്കാതെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു പി.എസ്.സി.

ഭരണഘടനാസ്ഥാപനമെന്ന നിലക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. എന്നാൽ ഇല്ലാത്ത ഭരണഘടനാസംരക്ഷണം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈകോടതിയെ സമീപിച്ച പി.എസ്.സിക്ക് കനത്ത പ്രഹരമാണ് ഏൽക്കേണ്ടിവന്നത്. പി.എസ്.സിക്ക് മാത്രമല്ല സർക്കാറിനും അന്വേഷണസംഘത്തിനുമെതിരെയും കോടതി വിമർശനം ഉയർത്തി. പി.എസ്.സിയും സർക്കാറും ‘ഭായി ഭായി’ കളിക്കുകയാണോയെന്നായിരുന്നു കോടതിയുടെ വിമർശനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Exam Rigging: SIT Questions PSC Members, Plans Three New Cases
Next Story