പിണറായി വിജയന്റെ വീട്ടിൽ നോട്ടീസ് പതിച്ചു; മാസപ്പടി കേസിൽ അസാധാരണ നടപടിയുമായി ഇ.ഡി
text_fieldsപിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി പതിച്ച നോട്ടീസ് നോക്കിനിൽക്കുന്ന സി.പി.എം ജില്ല സെക്രട്ടറി വി. ജോയ് എം.എൽ.എ (ഇടത്), പിണറായി വിജയൻ (വലത്)
തിരുവനന്തപുരം: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് ഇ.ഡി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നോട്ടീസ് പതിപ്പിച്ചു. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്. ശനിയാഴ്ച രാവിലെയാണ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ സ്വകാര്യ വസതിയിലെത്തി ഇ.ഡി ഉദ്യോഗസ്ഥർ സമൻസ് ചുമരിൽ പതിപ്പിച്ചത്.
ഒമ്പത് മണിയോടെയാണ് സംഘം ആദ്യം വീട്ടിലെത്തിയത്. എന്നാൽ, പിണറായി വിജയനും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് മടങ്ങിയ ഉദ്യോഗസ്ഥർ അൽപനേരത്തിന് ശേഷം വീണ്ടുമെത്തി നോട്ടീസ് കൈപ്പറ്റാൻ വീട്ടിലുണ്ടായിരുന്ന ജീവനക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ, അയാൾ വിസമ്മതിച്ചു. അപ്പോൾ മടങ്ങിയ ഉദ്യോഗസ്ഥർ പിന്നീട് പൊലീസുകാരെയും കൂട്ടി വന്നാണ് വീടിന്റെ ഭിത്തിയിൽ നോട്ടീസ് പതിപ്പിച്ചത്.
വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഇ-മെയിലിൽ നോട്ടീസ് അയച്ചെന്നും അത് സ്വീകരിച്ചുള്ള മറുപടി ലഭിക്കാത്തതിനാലാണ് വീട്ടിലെത്തി നോട്ടീസ് കൈമാറാൻ ശ്രമിച്ചതെന്നുമാണ് ഇ.ഡിയുടെ വിശദീകരണം. നോട്ടീസ് കൈപ്പറ്റാൻ ആരുമില്ലാത്ത സാഹചര്യത്തിലാണ് വീട്ടിൽ പതിപ്പിച്ചതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പി.എം.എൽ.എ നിയമപ്രകാരം (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) നോട്ടീസ് കൈപ്പറ്റാൻ വിസമ്മതിച്ചാൽ താമസസ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമനടപടിയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നോട്ടീസ് കൈമാറാൻ ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ പിണറായി വിജയൻ കണ്ണൂരിലായിരുന്നു. സമൻസ് തപാൽ മാർഗം ലഭിക്കുമെന്ന് കരുതിയിരുന്ന സ്ഥാനത്താണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീടിന്റെ ചുമരിൽ പതിപ്പിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് മുൻമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി. ശിവൻകുട്ടിയടക്കം മുതിർന്ന നേതാക്കൾ പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി.
ഹാജരായേക്കില്ല
തിരുവനന്തപുരം: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചെങ്കിലും ഈമാസം 23ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരായേക്കില്ല. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി നിർദേശാനുസരണം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത് ചോദ്യം ചെയ്ത് പിണറായി സമർപ്പിച്ച ഹരജി സുപ്രീംകോടതി പൂജ അവധിക്ക് ശേഷം പരിഗണിക്കും. സുപ്രീംകോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാകും പിണറായി ഹാജരാകുന്നതുൾപ്പെടെ കാര്യങ്ങളിൽ തീരുമാനമെടുക്കുക. നിയമസഭ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാനുള്ള അസൗകര്യം കാണിച്ച് ഇ.ഡിക്ക് മറുപടി നൽകിയേക്കും. ഇതിനിടയിൽ സുപ്രീംകോടതി സ്റ്റേ അനുവദിച്ചാൽ ഉടൻ ഹാജരാകേണ്ടിവരില്ലെന്നും കണക്കുകൂട്ടുന്നു. , നിയമസഭ സമ്മേളനവേളയിൽ എം.എൽ.എയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി ഇ.ഡി തേടേണ്ടതുണ്ടോയെന്ന നിയമപ്രശ്നം ഉയരുന്നുണ്ട്. 23 ന് നിയമസഭ സമ്മേളനമില്ലാത്തതിനാലാണ് നോട്ടീസ് നൽകിയതെന്നാണ് ഇ.ഡി വൃത്തങ്ങളുടെ വിശദീകരണം.

