Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനഗോഗിന് തീയിട്ട പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ ചുമത്തി; അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കും

text_fields
bookmark_border
Kadavumbhagam Synagogue in Ernakulam where the arson incident took place
cancel

കൊച്ചി: എറണാകുളം മാർക്കറ്റിനടുത്തുള്ള കടവുംഭാഗം സിനഗോഗിന് (ജൂതപ്പള്ളി) മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി എബിൻ ബി. പോളിനെതിരെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യു.എ.പി.എ) ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട വകുപ്പ് 16, ഗൂഢാലോചനയുമായി ബന്ധപ്പെട്ട വകുപ്പ് 18 എന്നിവ ഉൾപ്പെടുത്തിയാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഒക്ടോബർ 12ന് പുലർച്ചെ നടന്ന സംഭവത്തിലാണ് കോലഞ്ചേരി സ്വദേശിയായ 32കാരൻ എബിൻ പോൾ അറസ്റ്റിലായത്. സിനഗോഗ് ആക്രമണത്തിന് പുറമെ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതായും ആളൊഴിഞ്ഞ വീടിനുനേരെ ആക്രമണം നടത്തിയതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. നിലവിൽ നാല് കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.

അറസ്റ്റിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിവിധതരം രാസലഹരി ശേഖരം പൊലീസ് പിടിച്ചെടുത്തിരുന്നു. വിദേശ ബന്ധമടക്കമുള്ള പ്രതി, പ്രതിഫലം വാങ്ങിയാണ് ഈ ആക്രമണങ്ങളെല്ലാം നടത്തിയതെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്. കാർ ഷോറൂം കത്തിക്കാൻ 5,000 രൂപയും സിനഗോഗ് ആക്രമണത്തിന് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്റ്റോ കറൻസിയും ലഭിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ഉത്തരേന്ത്യൻ സ്വദേശിയായ ‘വിക്രം’ എന്ന ബോസിന്‍റെ നിർദേശ പ്രകാരമാണ് ഇത് ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ലോറൻസ് ബിഷ്‍ണോയ് സംഘത്തിന്റെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പുകളിൽ ഇയാൾ അംഗമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിദേശ, ഭീകര ബന്ധങ്ങളും ഗൂഢാലോചനയുമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതിയുടെ മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് യു.എ.പി.എ ചുമത്തിയത്. നേരത്തെ എൻ.ഐ.എ, ഐ.ബി ഉദ്യോഗസ്ഥരടക്കം എബിനെ ചോദ്യം ചെയ്തിരുന്നു. യു.എ.പി.എ ചുമത്തിയ സാഹചര്യത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തേക്കും.

കൂടുതൽ പേർക്ക് പങ്കെന്ന് കമീഷണർ

എറണാകുളം കടവുംഭാഗം സിനഗോഗിന് സമീപം തീയിട്ട സംഭവത്തിൽ കൂടുതർ പേർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ. പ്രതിക്ക് കൃത്യമായ നിർദേശങ്ങൾ ലഭിച്ചത് എവിടെ നിന്നാണെന്ന് അന്വേഷിച്ചുവരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റിലായ എബിൻ പോൾ മാത്രമാണ് സംഭവത്തിന് പിന്നിലെന്ന് കരുതാനാവില്ല. ഇയാൾക്ക് ചെയ്ത കൃത്യങ്ങൾക്ക് ക്രിപ്റ്റോ കറൻസി വഴി പ്രതിഫലം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സിനഗോഗ് ആക്രമണത്തിന് മുന്നോടിയായി പ്രതി പരിശീലനം നടത്തിയതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

മുമ്പ് മൂവാറ്റുപുഴയിൽ മൂന്നിടത്ത് പ്രതി സമാന രീതിയിൽ ആക്രമണം നടത്തിയിരുന്നു. സിനഗോഗിന് സമീപത്തെ തീവെപ്പ് ഭീകര പ്രവർത്തനമായി പരിഗണിച്ചാണ് യു.എ.പി.എ ചുമത്തിയത്. ഭീകരവിരുദ്ധ സ്ക്വാഡും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എൻ.ഐ.എ അടക്കം കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാകും അന്വേഷണം ഏറ്റെടുക്കണോ എന്ന് എൻ.ഐ.എ തീരുമാനിക്കുക-കമീഷണർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAPA Slapped on Accused Ebin Paul in Synagogue Arson Case; NIA Likely to Take Over Investigation
Next Story