മണ്ണുമാന്തിയന്ത്രം കുളത്തിൽ വീണ് ഡ്രൈവർ മരിച്ചു
text_fieldsപെരുമ്പാവൂര്‍: കുളം നന്നാക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം കുളത്തിൽ വീണ് ഡ്രൈവര്‍ മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ദിവാകര്‍ ശിവാങ്കിയാണ് (36) മരിച്ചത്.
രായമംഗലം പഞ്ചായത്തിലെ കുറുപ്പംപടി മൂരുകാവില്‍ തിങ്കളാഴ്ച വൈകീട്ട് 3.30നാണ് സംഭവം. തൈക്കാട്ട് ഇല്ലം കെ. നാരായണന് നമ്പൂതിരിയുടെ ഏകദേശം 20 അടി വീതിയും 30 അടി താഴ്ചയുമുള്ള കുളത്തിലേക്കാണ് മണ്ണുമാന്തിയന്ത്രം മറിഞ്ഞത്. കുളത്തിന്റെ വശങ്ങള് കെട്ടുന്നതിന് മണ്ണുമാന്തുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
മരക്കുറ്റിയില്‍ തട്ടിയാണ് നിയന്ത്രണംവിട്ടതെന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി സ്റ്റേഷന് ഓഫിസര്‍ ടി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ അരമണിക്കൂറിലധികം രക്ഷാപ്രവര്‍ത്തനം നടത്തി. കയര്‍ കെട്ടി ജെ.സി.ബിയുടെ സഹായത്തോടെ വാഹനം ഉയര്‍ത്തി ദിവാകറിനെ പുറത്തെടുത്തെങ്കിലും മരിച്ചു. ഗീതയാണ് ദിവാങ്കറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.

