‘ദാന’ ചുഴലിക്കാറ്റ്: ഒഡിഷയിൽ മഴ തുടരുന്നു
text_fieldsതിരുവനന്തപുരം/ഭുവനേശ്വർ: ‘ദാന’ ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗത്തിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
ഒഡിഷ - പശ്ചിമ ബംഗാൾ തീരങ്ങളിൽ കാറ്റിന്റെ വേഗം 120 കിലോമീറ്റർ വരെയാകും. ചുഴലിക്കാറ്റിന്റെ പ്രഭാവഫലമായി ഒഡിഷയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കടൽക്ഷോഭവും രൂക്ഷമാണ്. അതേസമയം, കേരളത്തിൽ തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ മഴ തുടരുകയാണ്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച കനത്തമഴയാണ് ലഭിച്ചത്. വെള്ളിയാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

