ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സൈക്കിൾ യജ്ഞ സംഘമെത്തി
text_fieldsചെറുവത്തൂർ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സൈക്കിൾ യജ്ഞവുമായ് മൈസൂരു സംഘമെത്തി. പണ്ടുകാലത്ത് നാട്ടിൽ സജീവമായിരുന്ന സൈക്കിൾ സംഘമാണ് ചെറുവത്തൂരിന്റെ വിവിധഭാഗങ്ങളിൽ സംഘമായെത്തി പരിപാടി അവതരിപ്പിക്കുന്നത്. നിരന്തര പരിശീലനത്തിലൂടെ നേടിയ വൈവിധ്യമാർന്ന കഴിവുകളാണ് വിസ്മയിപ്പിക്കും വിധം ഇവർ അവതരിപ്പിക്കുന്നത്. പിലിക്കോട് ശക്തി ക്ലബ്, പുത്തിലോട്ട യുവശക്തി, എരവിൽ ഗ്രാമവേദി എന്നിവിടങ്ങളിലാണ് സൈക്കിൾ യജ്ഞം അവതരിപ്പിച്ചത്. ജില്ലയിലെ വിവിധഭാഗങ്ങളിൽ സംഘം പരിപാടി അവതരിപ്പിക്കും. സിനിമാറ്റിക് ഡാൻസ്, സൈക്കിൾ അഭ്യാസം, ട്യൂബിന്റെ മുകളിൽ കിടന്നും നെഞ്ചിൽവെച്ചും പൊട്ടിക്കൽ, കുഴികുഴിച്ച് അതിൽ ആളെ ഇരുത്തി മുകൾഭാഗം മൂടി അരമണിക്കൂറോളം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും അവസാനം ആളെ പുറത്തെടുക്കുകയും ചെയ്യുന്ന അഭ്യാസങ്ങളാണ് അവതരിപ്പിച്ചത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കൗതുകക്കാഴ്ച സമ്മാനിക്കുന്ന അഭ്യാസങ്ങളാണിത്.

