ചേലക്കര ഉപതെരഞ്ഞെടുപ്പ്: സി.പി.എമ്മിൽ യു.ആർ. പ്രദീപിന് മുൻഗണന
text_fieldsതൃശൂർ: കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായ ഒഴിവിൽ ചേലക്കര നിയമസഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിനിർണയ കാര്യങ്ങൾ ചർച്ചചെയ്യാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്നു. മുൻ എം.എൽ.എ യു.ആർ. പ്രദീപിനാണ് മുൻഗണന. നിർദേശം ജില്ല കമ്മിറ്റിക്ക് സമർപ്പിച്ചു.
ബുധനാഴ്ച ജില്ല കമ്മിറ്റി യോഗം ചേരും. പട്ടികജാതി-വർഗ കമീഷൻ അംഗം ടി.കെ. വാസു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ എന്നിവരുടെ പേരും പരിഗണനക്ക് സമർപ്പിച്ചിട്ടുണ്ട്. ചേലക്കരയിൽനിന്നുതന്നെ മുമ്പ് നിയമസഭാംഗമായ പ്രദീപിന് ജയസാധ്യത ഏറെയുണ്ടെന്ന് കണ്ടെത്തിയാണ് ജില്ല സെക്രട്ടേറിയറ്റ് അദ്ദേഹത്തെ നിർദേശിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എം.പി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

