Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എസ്.ഐ.ആർ വിരുദ്ധ പോരാട്ടത്തിൽ സി.പി.എം മുൻപന്തിയിൽ'; തിരുവനന്തപുരത്ത് എം എ ബേബിക്ക് സ്വീകരണം

text_fields
bookmark_border
CPIM Politburo member MA Baby addressing party workers
cancel
camera_alt

എം എ ബേബി (ഫയൽ ചിത്രം)


തിരുവനന്തപുരം: ഇന്ത്യൻ പ്രസിഡന്റിന് പോലുമില്ലാത്ത നിയമപരമായ അമിത സംരക്ഷണമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നതെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി. സേവന കാലാവധി കഴിഞ്ഞാലും സിവിൽ, ക്രിമിനൽ കേസുകളിൽ നടപടിയെടുക്കാൻ സാധിക്കാത്ത തരത്തിലുള്ള പരിരക്ഷ നൽകുന്നത് വഴി തെരഞ്ഞെടുപ്പ് കമീഷണർമാരെക്കൊണ്ട് ബോധപൂർവം കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കാനാണോ കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർപട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെയും തെരഞ്ഞെടുപ്പ് കമീഷന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെയും രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സി.പി.എം മുൻനിരയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'വിരമിച്ചാലും തൊടാനാകില്ല; ക്രിമിനൽ നടപടികൾക്കുള്ള മുൻകൂർ ലൈസൻസ്'

തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് നൽകിയിട്ടുള്ള അമിത നിയമ പരിരക്ഷയെ രൂക്ഷമായ ഭാഷയിലാണ് എം.എ. ബേബി വിമർശിച്ചത്:

"ഇന്ത്യൻ ഭരണഘടനയുടെ തലവനായ രാഷ്ട്രപതിക്ക് പോലുമില്ലാത്ത എന്ത് പ്രത്യേകതയാണ് തെരഞ്ഞെടുപ്പ് കമീഷണർമാർക്കുള്ളത്? സർവീസിൽ നിന്ന് വിരമിച്ചാൽ പോലും ഇവർക്കെതിരെ ക്രിമിനൽ നടപടികളോ സിവിൽ കേസുകളോ എടുക്കാൻ സാധിക്കില്ല. ഏതൊരു കുറ്റകൃത്യം ചെയ്താലും വിചാരണ നേരിടേണ്ടി വരില്ലെന്ന ഈ ഉറപ്പ് എന്തിനാണ് നൽകിയിരിക്കുന്നത്? ഭരണഘടനാ വിരുദ്ധമായ സിവിൽ, ക്രിമിനൽ നടപടികൾ ചെയ്യാനുള്ള മുൻകൂർ ലൈസൻസായാണ് ഇത് നൽകിയിരിക്കുന്നത് എന്നത് പകൽപോലെ വ്യക്തമാണ്."

— എം.എ. ബേബി വ്യക്തമാക്കി.

ജനങ്ങളുടെ പരമാധികാരമായ വോട്ടവകാശം അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന ഭരണകൂട തന്ത്രമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യവ്യാപക പ്രക്ഷോഭത്തിൽ സി.പി.എം മുന്നണിയിൽ

വോട്ടർപട്ടിക തിരുത്തലിനും വോട്ട് ചോർച്ചയ്ക്കുമെതിരെ രാജ്യം ഒന്നടങ്കം തെരുവിലിറങ്ങുമ്പോൾ ഇടതുപക്ഷം അതിന്റെ നേതൃനിരയിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങി രാജ്യത്തിന്റെ എല്ലാ കോണുകളിലും നടക്കുന്ന പ്രക്ഷോഭങ്ങളിൽ ചെങ്കൊടിയേന്തിയ സഖാക്കൾ മുൻനിരയിലുണ്ട്. സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പൂർണമായി ഈ സമരമുഖത്ത് അണിനിരന്നിരിക്കുകയാണ്. ഭരണഘടനയും വോട്ടവകാശവും കവർന്നെടുക്കാനുള്ള നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി സി.പി.എം നേരിടും.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും ജനാധിപത്യത്തെയും തകർക്കാനുള്ള ഏത് നീക്കത്തെയും ഇടതുപക്ഷം ശക്തമായി പ്രതിരോധിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - EC Enjoys More Immunity Than President: CPIM Politburo Member MA Baby Slams Centre
Next Story