ഷാഫി പറമ്പിലിന് കോടതി നോട്ടീസ്; യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം പ്രതിസന്ധിയിൽ
text_fieldsമൂവാറ്റുപുഴ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന് ചുമതല കൈമാറുന്നതിനെതിരെ നൽകിയ ഹരജിയിൽ നിലവിലെ പ്രസിഡന്റ് ഷാഫി പറമ്പിലിന് അടിയന്തര നോട്ടീസ് അയക്കാൻ മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതോടെ യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം പ്രതിസന്ധിയിലായി. പായിപ്ര സ്വദേശി പി.എസ്. സനിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. നവംബർ 28നു മുമ്പ് വിശദീകരണം നൽകാനാണ് ഷാഫി പറമ്പിൽ എം.എൽ.എക്ക് നോട്ടീസ് നൽകിയത്. ഉത്തരവ് പ്രത്യേക ദൂതൻ വഴി ശനിയാഴ്ച തന്നെ കൈമാറാൻ കോടതി നിർദേശിച്ചു.
ചാർജ് കൈമാറരുതെന്നാവശ്യപ്പെട്ട് നൽകിയ കേസ് ഡിസംബർ രണ്ടിന് പരിഗണിക്കാനിരിക്കെ ഡിസംബർ ഒന്നിന് ചാർജ് കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡന്റ് തീരുമാനിക്കുകയായിരുന്നു. ആ വിവരം ഹരജിക്കാരൻ കോടതിയെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഈ മാസം 28ന് പരിഗണിക്കാൻ തീരുമാനിച്ചത്. ഹരജിക്കാരനുവേണ്ടി അഡ്വ. ജിജോ ജോസഫ്, അഡ്വ. എൽദോസ് വർഗീസ് എന്നിവർ ഹാജരായി.

