കോടതിവിധി വന്നശേഷവും സി.പി.എം ഓഫിസ് നിർമാണം: ഹരജി ഇന്ന് പരിഗണനക്ക്
text_fieldsകൊച്ചി: ഇടുക്കി ശാന്തൻപാറയിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന്റെ നിർമാണം നിർത്തിവെക്കാൻ കോടതി ഉത്തരവിട്ട ചൊവ്വാഴ്ച രാത്രിയും പണി നടത്തിയെന്ന പരാതി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും. ഇടക്കാല ഉത്തരവ് ലഭ്യമാകാത്തതും പുതിയ സ്റ്റോപ് മെമ്മോ നൽകിയതും സർക്കാർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് മൂന്നാർ കൈയേറ്റ വിഷയങ്ങൾ പരിഗണിക്കുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻബെഞ്ച് പരാതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയത്.
സ്റ്റോപ് മെമ്മോ നൽകിയിട്ടും സി.പി.എം ഓഫിസ് നിർമാണം തുടരുന്നതായി ഹരജിക്കാർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് നിർമാണ പ്രവർത്തനം തടഞ്ഞ് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടത്. എന്നാൽ, ഉത്തരവിട്ട രാത്രിയും നിർമാണം തുടർന്നതായി ബുധനാഴ്ച രാവിലെ കോടതി ആരംഭിച്ചയുടൻ ഹരജിക്കാരും അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു. നിർമാണം തടയാൻ റവന്യൂ- പൊലീസ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വിശദീകരിച്ചു.
തുടർന്നാണ് കോടതി വിഷയം പരിഗണിച്ചത്. നിർമാണം തടഞ്ഞുള്ള ഉത്തരവ് ലഭിക്കാത്തതിനാലാണ് കലക്ടർക്ക് നടപടി സ്വീകരിക്കാൻ കഴിയാതിരുന്നതെന്നായിരുന്നു സർക്കാറിന്റെ മറുപടി. ഭരണപരമായ നടപടി സ്വീകരിക്കണമെങ്കിൽ കലക്ടർക്ക് ഉത്തരവ് ലഭിക്കേണ്ടതുണ്ടെന്ന് കോടതിയും വിലയിരുത്തി. തുടർന്നാണ് വ്യാഴാഴ്ചത്തേക്ക് ഹരജി മാറ്റിയത്. ചെവ്വാഴ്ചത്തെ ഉത്തരവ് ഉടൻ കൈമാറാൻ രജിസ്ട്രിക്കും നിർദേശം നൽകി.

