പാലക്കാട് പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി; സത്യവാങ്മൂലം എഴുതി വാങ്ങി വോട്ട് ചെയ്യിപ്പിച്ചു
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ പിരായിരിയിൽ ഇരട്ട വോട്ടെന്ന് പരാതി. വോട്ടർ പോളിങ് ബൂത്തിൽ എത്തിയപ്പോഴാണ് എൽ.ഡി.എഫ് ഏജന്‍റ് പരാതി ഉന്നയിച്ചത്. പിരായിരി ജി.എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം.
പ്രിസൈഡിങ് ഓഫീസറുടെ നിർദേശ പ്രകാരം വോട്ടറുടെ ഫോട്ടോ എടുത്ത ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി. തുടർന്ന് വോട്ട് രേഖപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ അനുവദിച്ചു.
പാലക്കാട് മണ്ഡലത്തിൽ നിരവധി ഇരട്ട വോട്ടുകളുണ്ടെന്ന് യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും പരാതി ഉന്നയിച്ചിരുന്നു. അതേസമയം, ഇരട്ട വോട്ട് സംബന്ധിച്ച് പ്രത്യേക പട്ടിക തയാറാക്കുമെന്നും വോട്ടർമാരെ നിരീക്ഷിക്കുമെന്നും പാലക്കാട് ജില്ല കലക്ടർ ഡോ. ചിത്ര വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മാസത്തിലധികം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ശേഷമാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.

