കപ്പൽ ജീവനക്കാരന് വയറുവേദനയും ശാരീരിക അസ്വസ്ഥതയും; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കപ്പലിൽ അവശനിലയിലായ ജീവനക്കാരനെ കരയിലെത്തിച്ച് കോസ്റ്റുഗാർഡ്. ചൈനയിൽ നിന്ന് സിങ്കപ്പൂരിലേക്ക് എൽ.പി.ജി വാതകവുമായി പോയ ഇക്വറ്റോറിയൽ പതാകയുള്ള 'നെക്‌സോർ' എന്ന കപ്പലിലെ ജൂനിയർ എൻജിനീയറായ അൻസാരി മുഹമ്മദ് ബാരിസിനെയാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കരയിലെത്തിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സിങ്കപ്പൂരിലേക്കുള്ള യാത്രക്കിടെ കുളച്ചൽ കടലിൽ വെച്ചാണ് ജീവനക്കാരന് കടുത്ത വയറുവേദനയും മൂത്രത്തിലൂടെ രക്തം പോകുന്നതടക്കമുള്ള ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടത്. കപ്പലിലെ ഡോക്ടർ വേദന സംഹാരിക്കുള്ള താൽക്കാലിക മരുന്ന് നൽകിയെങ്കിലും ഫലവത്താകാതിരുന്നതിനെ തുടർന്ന്, അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കപ്പൽ ക്യാപ്റ്റൻ ബോസ്ലെ വിജയ് കാരപ്പ മുംബൈയിലുള്ള മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലേക്ക് (എം.ആർ.സി.സി) സന്ദേശം കൈമാറുകയായിരുന്നു.
എം.ആർ.സി.സിയിൽ നിന്ന് ലഭിച്ച സന്ദേശം കോസ്റ്റുഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർക്ക് കൈമാറുകയും മാരിടൈം ബോർഡിന്റെ വിഴിഞ്ഞത്തുള്ള പർസർക്കും തിരുവനന്തപുരത്തെ വാട്ടർലൈൻ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പൽ ഏജൻസിക്കും അറിയിപ്പ് നൽകുകയും ചെയ്തു. തുടർന്ന് കോസ്റ്റുഗാർഡ് കമാൻഡറുടെ നിർദേശപ്രകാരം സി-441 എന്ന ചെറുകപ്പലും മാരിടൈം ബോർഡിന്റെ ടഗ്ഗും ഒരുമിച്ച് വിഴിഞ്ഞം കടലിലേക്ക് തിരിക്കുകയായിരുന്നു.
കപ്പലിൽ അവശനിലയിലായ ജീവനക്കാരനെ കോസ്റ്റുഗാർഡ് സൈനികർ പുറത്തിറക്കി ചെറുകപ്പലിൽ രാത്രിയോടെ കോസ്റ്റുഗാർഡിന്റെ ജെട്ടിയിൽ എത്തിച്ചു. കോസ്റ്റുഗാർഡിലെ ഡോക്ടർ പരിശോധിച്ച ശേഷം ജീവനക്കാരനെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റുഗാർഡ് ഉദ്യോഗസ്ഥരോടൊപ്പം മാരിടൈം പർസർ വിനുലാൽ, അസിസ്റ്റന്റ് കൺസർവേറ്റർ അജീഷ് മണി, കപ്പൽ ഏജൻസിയുമായി ബന്ധപ്പെട്ടവരും രക്ഷാദൗത്യം ഏകോപിപ്പിച്ചു.

