ക്രിസ്മസിന് ഒരുങ്ങി; എൽ.ഇ.ഡിയെ വെല്ലാൻ കടലാസ് നക്ഷത്രം
text_fieldsകണ്ണൂരിൽ സജീവമായ ക്രിസ്മസ് വിപണി
കണ്ണൂർ: ഡിസംബറിന്റെ തണുപ്പും ശീതക്കാറ്റും തുടങ്ങി. ഇനി ഉണ്ണിയേശുവിന്റെ ജന്മദിനമായ ക്രിസ്മസും പുതുവർഷവും ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ. പെയിന്റടിച്ചും നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട് ഒരുക്കിയും ഉണ്ണിയേശുവിന്റെ തിരുപ്പിറവി വരവേൽപ്പിന് ഒരുങ്ങുകയാണ് ക്രിസ്തീയ ദേവാലയങ്ങൾ. കരോൾ ഗാനങ്ങളൊരുക്കി ഗായകസംഘങ്ങളും പരിശീലനത്തിലാണ്.
കടകളിൽ ക്രിസ്മസ് നക്ഷത്രങ്ങളും പുൽക്കൂടുകളും വിൽപനക്കായി ഒരുങ്ങി. ഇത്തവണ എൽ.ഇ.ഡി നക്ഷത്രങ്ങളെ വെല്ലാൻ കെട്ടിലും മട്ടിലും പുതുമയിൽ കടലാസ് നക്ഷത്രങ്ങളുടെ ശേഖരമെത്തിയിട്ടുണ്ട്. കടലാസ് നക്ഷത്രങ്ങൾക്ക് തന്നെയാണ് കൂടുതൽ പേരും എത്തുന്നതെന്ന് വ്യാപാരികളും പറയുന്നു. എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് 190 മുതൽ 1,000 വരെയാണ് വില. കടലാസിനാണെങ്കിൽ 140 മുതൽ 500 വരെ. ചിറകുകൾ കൂടുതലുള്ള നക്ഷത്രങ്ങൾക്ക് വിലയും കൂടും. ഇത്തരത്തിലുള്ള ബട്ടർഫ്ലൈ നക്ഷത്രങ്ങളാണ് വിപണിയിലെ താരം.
മഞ്ഞിലും വെയിലിലും നശിക്കാത്ത ഗുണമേന്മ കൂടിയ കടലാസുകൊണ്ട് നിർമിച്ച നക്ഷത്രങ്ങൾക്ക് ഇരുന്നൂറിലേറെയാണ് വില. 290 രൂപ മുതൽ പുൽക്കൂട് തയാർ. ചൈനീസ് നിർമിത എം.ഡി.എഫ് പുൽക്കൂടുകൾക്ക് ആയിരത്തോളമാണ് വില. വെള്ളയും പ്ലൈവുഡ് നിറത്തിലും ലഭ്യമാണ്. ചൂരൽ പുൽക്കൂടുകൾക്ക് 1,000 മുതൽ 1,800 വരെ നൽകണം. ഉണ്ണീശോ, മറിയം ഔസേപ്പ്, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവ അടങ്ങിയ രൂപങ്ങളുടെ സെറ്റിന് 290 മുതൽ 3,400 വരെയാണ് വില. കഴിഞ്ഞവർഷം വിപണിയിലെത്തിയ പോളി മാർബ്ൾ രൂപങ്ങൾ ചോദിച്ച് ആളുകളെത്തുന്നുണ്ട്. 900 മുതലാണ് വില.
പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിക്കുന്ന രൂപങ്ങൾക്ക് വിലകുറവാണ്. രൂപങ്ങൾ വെക്കാനായി നിലത്ത് വിരിക്കാനുള്ള പുൽമാറ്റ് 100 മുതൽ 500 വരെ കൊടുത്താൽ ലഭിക്കും. വീടും പുൽക്കൂടും കളർഫുള്ളാക്കാൻ ലൈറ്റ്മാലക്ക് 130 മുതൽ 1,300 വരെയാണ് വില. ഒരുകാലത്ത് ക്രിസ്മസിനും പുതുവർഷത്തിനും പോസ്റ്റുമാന്റെ ബാഗിന്റെ ഭാരംകൂട്ടിയിരുന്ന ആശംസാകാർഡുകൾ ഇപ്പോൾ കാണാനില്ല.
ആവശ്യക്കാർ അന്വേഷിച്ച് എത്താറുണ്ടെങ്കിലും കാർഡ് കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു. ഓണവും ക്രിസ്മസും പോലെയുള്ള സീസൺ കാർഡുകൾ ഇപ്പോൾ കിട്ടാനില്ല. പിറന്നാൾ, വിവാഹവാർഷികാശംസാ കാർഡുകൾ വിപണിയിലുണ്ട്. ആശംസ അറിയിക്കൽ ഓൺലൈനായതോടെയാണ് കാർഡുകൾ കളമൊഴിഞ്ഞുതുടങ്ങിയത്.

