Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചോക്കാട് മലവെള്ളപ്പാച്ചിൽ: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകും -മുഖ്യമന്ത്രി

text_fields
bookmark_border
https://www.madhyamam.com/tags/vd-satheesan
cancel

ചോക്കാട്: നിലമ്പൂർ ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന് ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്.

സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായി എത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽ പുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈ ദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും.

​കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽ ഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും അതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെ സാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായി മനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയും ദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പി അഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ല കലക്ടർ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chokkad flash flood: Compensation for victims' families, says CM
Next Story