ഞങ്ങളുടെ സ്വപ്നക്കൂടിനൊരു വാതിൽ തരുമോ...?;പ്ലാസ്റ്റിക് ഷീറ്റിനടിയിൽ ആറുവർഷമായി ജീവിതം, കൊച്ചുവീടെന്ന സ്വപ്നവുമായി ശിവപ്രിയയും ശിവദേവും
text_fieldsപ്ലാസ്റ്റിക് ഷീറ്റ് മറച്ച കൂരയുടെ ഉൾവശം, കുടുംബത്തിന്റെ പണി പൂർത്തിയാകാത്ത വീട്
ചെന്ത്രാപ്പിന്നി: കാലിത്തൊഴുത്തെന്നുപോലും വിശേഷിപ്പിക്കാനാവാത്ത, അടച്ചുറപ്പില്ലാത്ത പ്ലാസ്റ്റിക് ഷീറ്റ് കൂര. ഒരുവശത്ത് വാരിവലിച്ചിട്ട വീട്ടുസാധനങ്ങൾ. മഴ പെയ്താൽ വെള്ളം അകത്തേക്ക് ഇരച്ചുകയറും. ഇഴജന്തുക്കൾ ഉൾപ്പെടെ ഏതുനിമിഷവും അതിഥികളായെത്തും. വാതിലുകൾ ഇല്ലാത്തതിനാൽ പാഴ്തുണികൊണ്ട് മാത്രം മറച്ച ആ കൂരക്കുള്ളിലാണ് ഏഴാം ക്ലാസുകാരി ശിവപ്രിയയും നാലാം ക്ലാസുകാരനായ അനിയൻ ശിവദേവും 62കാരിയായ അച്ഛമ്മ ഗിരിജയും ആറു വർഷമായി രാപ്പകലുകൾ തള്ളിനീക്കുന്നത്. അപരിചിതർ ആരെങ്കിലും ആ വഴി വരുമ്പോൾ ഉറക്കെ കുരച്ച് സംരക്ഷണം തീർക്കുന്ന ഒപ്പമുള്ള ഒരു വളർത്തുനായ് മാത്രമാണ് അരക്ഷിതാവസ്ഥയിൽ ഈ കുടുംബത്തിന് ഒരേയൊരു കാവൽ.
കൂട്ടുകാർ സന്തോഷത്തോടെ തങ്ങളുടെ വീട്ടുവിശേഷങ്ങളും കളികളും പങ്കുവെക്കുമ്പോൾ മുഖത്ത് സങ്കടത്തിന്റെ നിഴൽ പരക്കുമെങ്കിലും ഈ കുരുന്നുകൾ അത് പുറത്തുകാണിക്കാറില്ല. ചെന്ത്രാപ്പിന്നി പെരുമ്പടപ്പ എസ്.ആർ.വി.യു.പി സ്കൂളിലെ വിദ്യാർഥികളാണ് ശിവപ്രിയയും ശിവദേവും. ശിവദേവ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് പാതിവഴിയിൽ മാതാപിതാക്കൾ ജീവിതം ഉപേക്ഷിച്ച് ഇരുവരെയും തനിച്ചാക്കിയത്. പിന്നീട് അച്ഛച്ഛനും അച്ഛമ്മയും ഇവർക്ക് തണലൊരുക്കി. എന്നാൽ രണ്ട് വർഷം മുമ്പ് അച്ഛച്ഛനും യാത്രയായതോടെ ആ കൂരയിലെ അവസാനത്തെ ആശ്വാസവും നിലച്ചു. ഗിരിജ കുട്ടികളുടെ പഠനച്ചെലവുകൾക്കും മറ്റും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോൾ. കുട്ടികളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് സ്കൂളിലെ അധ്യാപകർ ഇടക്കിടെ സഹായവുമായെത്തും.
കുട്ടികളെ സുരക്ഷിതരാക്കണമെന്നും ഒരു കൊച്ചുവീടെന്ന ആഗ്രഹത്തോടെയുമാണ് ഗിരിജ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചത്. അപേക്ഷ പരിഗണിക്കുകയും ചെയ്തു. പദ്ധതി പ്രകാരം കഴിഞ്ഞ വർഷം ലഭിച്ച നാല് ലക്ഷം രൂപ കൊണ്ട് ആറ് സെന്റ് ഭൂമിയിൽ വീടിന്റെ പണി തുടങ്ങി. പക്ഷേ പണം തികയാതെ വന്നതോടെ പണി പാതിവഴിയിലായി. വാതിലും ജനലുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെങ്കിൽ ഇനി ആർക്കുമുന്നിൽ കൈനീട്ടണമെന്ന് ഗിരിജക്കറിയില്ല.
രാത്രി മക്കൾ ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ പേടി കാരണം ഉറക്കം വരാറില്ലെന്ന് ഗിരിജ പറയുന്നു. ‘ആരോടും പരാതി പറയാതെ ഇവിടെ വരെയെത്തി. മോൾ പ്രായമായി വരികയാണ്. ഇനിയെന്ത് ചെയ്യണമെന്നറിയില്ല. ഒരു വാതിലെങ്കിലും കിട്ടിയെങ്കിൽ സമാധാനമാകുമായിരുന്നു’. ഗിരിജയുടെ വാക്കുകൾ കണ്ണീരിൽ കുതിർന്നു. കുട്ടികളുടെ അവസ്ഥ തിരിച്ചറിഞ്ഞ് വീടിന്റെ ശേഷിക്കുന്ന പ്രവൃത്തികൾക്ക് സഹായിക്കാൻ സ്കൂളിലെ പ്രധാനാധ്യാപിക വി.വി. ആശയുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. അടച്ചുറപ്പില്ലാത്ത ആ കൂരയുടെ ഇരുട്ടിലേക്ക് വെളിച്ചമായി ആരെങ്കിലും കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

