കെ. രാധാകൃഷ്ണനെതിരെ പരാതി: മനസ്സാ വാചാ അറിയാത്ത കാര്യം -യു.ആർ. പ്രദീപ്
text_fieldsചേലക്കര: കെ. രാധാകൃഷ്ണൻ എം.പി പ്രചാരണരംഗത്ത് സജീവമല്ലെന്ന് താൻ പരാതി പറഞ്ഞുവെന്ന വാർത്ത വ്യാജമാണെന്നും മനസ്സാ വാചാ ചെയ്യാത്ത കാര്യമാണ് പ്രചരിപ്പിക്കുന്നതെന്നും എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കെ. രാധാകൃഷ്ണൻ പങ്കെടുക്കുന്നില്ലെന്ന് പ്രദീപ് മുഖ്യമന്ത്രിയോട് പരാതി പറഞ്ഞെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളിലും കെ. രാധാകൃഷ്ണൻ ഒപ്പമുണ്ടായിരുന്നതായും പ്രദീപ് പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ചത് മുതൽ ചേലക്കര മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ വിജയത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നു താനെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു.
വിവാദമുണ്ടാക്കിയാൽ പത്ത് വോട്ട് മാറ്റാൻ പറ്റുമല്ലോ. താൻ മുഴുവൻ സമയവും പ്രചാരണ പരിപാടികളിലാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തന്നെ പാർട്ടി ഏൽപിച്ച ഉത്തരവാദിത്തം ഇതുവരെ ചെയ്തിട്ടുണ്ടെന്നും രാധാകൃഷ്ണൻ പറഞ്ഞു.

