ബൈക്കിലെത്തി മാല കവർന്ന യുവാവ് അറസ്റ്റിൽ
text_fieldsമുക്കം: ബൈക്കിലെത്തി മാമ്പറ്റയിൽ വീട്ടുജോലിക്കു പോകുകയായിരുന്ന വയോധികയുടെ സ്വർണമാല കവർന്ന സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം കാവന്നൂർ സ്വദേശി ചക്കിങ്ങൽ സന്ദീപാണ് (30) മുക്കം പൊലീസിെൻറ പിടിയിലായത്. കൂട്ടാളിയായ മലപ്പുറം ഇളയന്നൂർ സ്വദേശി അനസ് ഒളിവിലാണ്.
ജൂലൈ ഏഴിന് രാവിലെ മുക്കം കോഴിക്കോട് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ ഒന്നര പവൻ സ്വർണമാല മാമ്പറ്റ പ്രതീക്ഷ സ്കൂളിന് സമീപത്തെ ബസ്സ്റ്റോപ്പിനടുത്തുവെച്ചാണ് കവർന്നത്.
കാവന്നൂരിലെ ബന്ധുവിെൻറ ജ്വല്ലറിയിൽ സ്വർണമാല വിറ്റതായി ഇയാൾ മൊഴി നൽകി. തുടർന്ന് അന്വേഷണ സംഘം ജ്വല്ലറിയിലെത്തി സ്വർണം കണ്ടെടുത്തു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് പ്രതികളെ പിടികൂടിയത്.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൂട്ടുപ്രതിയായ അനസ് ബൈക്ക് മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

