ജാതി അധിക്ഷേപം: കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി
text_fieldsകൊച്ചി: ആർ.എൽ.വി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസിൽ മോഹിനിയാട്ടം നർത്തകി കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. നെടുമങ്ങാട് എസ്.സി എസ്.ടി പ്രത്യേക കോടതിയിൽ ഒരാഴ്ചക്കുള്ളിൽ ഹാജരാകാൻ സത്യഭാമക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവിട്ടത്.
ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും കോടതിക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു.
നർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെതിരെ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. ഇതിനെതിരെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പട്ടിക ജാതി-പട്ടിക വർഗ അതിക്രമം തടയൽ നിയപ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനാണ് ആൽ.എൽ.വി രാമകൃഷ്ണൻ. അധിക്ഷേപം വിവാദമായപ്പോൾ അത് വിശദീകരിച്ചപ്പോഴും സത്യഭാമ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ മാപ്പുപറയുകയും ചെയ്തിരുന്നു. വിവാദത്തിൽ നിരവധി പേരാണ് ആർ.എൽ.വിക്കു പിന്തുണയുമായെത്തിയത്.

