പുകപരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി; എം.വി.ഐ പിടിയിൽ
text_fieldsപിടിയിലായ എം.വി.ഐ സി.എസ്. ജോർജ്
കിഴുപ്പിള്ളിക്കര (തൃശൂർ): കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വാഹന ഇൻസ്പെക്ടറും ഏജന്റും വിജിലൻസിന്റെ പിടിയിലായി. എം.വി.ഐ സി.എസ്. ജോർജും ഏജന്റ് അഷ്റഫുമാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥനുവേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻസ്പെക്ടറെ പിടികൂടിയത്. 5,000 രൂപയാണ് ജോർജിനുവേണ്ടി അഷ്റഫ് വാങ്ങിയത്.
വാടാനപ്പള്ളി സ്വദേശിയുടെ പേരിലുള്ള പുക പരിശോധനകേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനാണ് സമീപിച്ചത്. വിലാസം മാറ്റാൻ കഴിയില്ലെന്നും പുതിയ ലൈസൻസ് എടുക്കണമെന്നും എം.വി.ഐ നിർദേശിച്ചു. ഇതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനകം 5000 രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു വാഗ്ദാനം.
തിങ്കളാഴ്ച കിഴുപ്പിള്ളിക്കരയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എം.വി.ഐ ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. വിജിലൻസ് ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് പരാതിക്കാരന് നൽകി. പരാതിക്കാരൻ അതുമായി ടെസ്റ്റ് നടക്കുന്ന സ്ഥലത്തെത്തി ഏജന്റിന് നൽകുമ്പോൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. താൻ പണം വാങ്ങിയത് ജോർജിനുവേണ്ടിയാണെന്ന് അഷ്റഫ് മൊഴി നൽകി.
വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്.പി സി.ജി. ജിം പോൾ, ഇൻസ്പെക്ടർ പ്രദീപ് കുമാർ, ജി.എസ്.ഐ ജയകുമാർ, എ.എസ്.ഐ ബൈജു, ജി.എസ്.ഐ പീറ്റർ, സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ രതീഷ്, ബിജു, എബി തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

