ടാബ് സമ്മാനിച്ച് ബാവ ഹാജി; ഓൺലൈൻ ക്ലാസിൽ റമീസയും റഹീസും ഹാജർ
text_fieldsതവനൂർ: ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾക്ക് സഹായുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സി.പി. ബാവ ഹാജി. ഹയർ സെക്കൻഡറി വിദ്യാർഥികളായ റമീസക്കും റഹീസിനുമാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ ടാബ് സമ്മാനിച്ചത്.
തവനൂർ കുണ്ടൻനമ്പ്രത്ത് അബ്ദുറഹ്മാനും കുടുംബവും പത്ത് വർഷമായി വൈദ്യുതിയില്ലാത്ത വീട്ടിലാണ് താമസിക്കുന്നത്. ജൂൺ ഒന്നിന് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ടി.വിയും സ്മാർട്ട് ഫോണും ഇല്ലാത്തതിനാൽ അബ്ദുറഹ്മാെൻറ മക്കളായ റമീസക്കും റഹീസിനും ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുസംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ട സി.പി. ബാവ ഹാജി സഹായസ്തവുമായി എത്തുകയായിരുന്നു.
എം.എസ്.എഫ് തവനൂർ നിയോജക മണ്ഡലം ഭാരവാഹികളോടൊപ്പം വിദ്യാർഥികളുടെ വീട്ടിലെത്തിയാണ് ബാവഹാജി ടാബ് സമ്മാനിച്ചത്. വൈദ്യുതി ലഭിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മുസ്ലിം ലീഗ് തവനൂർ മണ്ഡലം സെക്രട്ടറി റഷീദ് കാലടി, കാലടി പഞ്ചായത്ത് ജനറൽ സെക്രട്ടറി നൗഫൽ തണ്ടിലം, എം.എസ്.എഫ് ജില്ല സെക്രട്ടറി എം.വി. ഹസൈനാർ, സാഹിർ മാണൂർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
