വീടില്ലാത്ത നീതു വന്നില്ല; അനിൽ അക്കര എം.എൽ.എ രണ്ടര മണിക്കൂർ കാത്തിരുന്ന് മടങ്ങി
text_fieldsവടക്കാഞ്ചേരി (തൃശൂർ): വീടില്ലാതെ പുറേമ്പാക്കിൽ കഴിയുകയാണെന്ന് കത്തെഴുതിയ നീതു ജോൺസന് വീടും സ്ഥലവും നൽകാൻ അനിൽ അക്കര എം.എൽ.എ റോഡരികിൽ കാത്തിരുന്നത് രണ്ടര മണിക്കൂർ. എന്നാൽ, വീടുവാങ്ങാൻ നീതുവോ കുടുംബമോ നീതുവിനെ പരിചയമുള്ളവരോ വന്നില്ല. ഒടുവിൽ, രാവിലെ ഒമ്പത് മണിമുതൽ റോഡരികിൽ നിൽപുറപ്പിച്ച എം.എൽ.എയും വടക്കാഞ്ചേരി മങ്കര വാർഡ് കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും രമ്യഹരിദാസ് എം.പിയും 11.30 ഓടെ മടങ്ങി.
ലൈഫ് മിഷൻ പദ്ധതിയുടെ ഉപഭോക്താവ് എന്ന രീതിയിലാണ് മങ്കരയിലെ നീതു ജോണ്സണ് എന്ന വിദ്യാര്‍ഥിനി അനിൽ അക്കരക്ക് കത്തെഴുതിയിരുന്നത്. വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടേതെന്ന തരത്തില്‍ സ്ഥലം എം.എൽ.എ ആയ അനില്‍ അക്കരക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ലൈഫ്മിഷൻ അഴിമതിക്കെതിരെ എം.എൽ.എ രംഗത്തുവന്നത്, നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്ന തങ്ങൾക്ക് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് വിലങ്ങുതടിയായതായി കത്തിൽ ബോധിപ്പിച്ചിരുന്നു.
''സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്സ്റ്റൈല്‍ ഷോപ്പില്‍ ജോലിചെയ്യുന്ന എെൻറ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെ പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ്മിഷന് ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത്''- എന്നായിരുന്നു കത്തിലെ ഉള്ളടക്കം.
കത്തെഴുതിയ നീതു ജോൺസൺ ആരാണെന്നറിയാനും അവർക്ക് വീട് നൽകുവാനുമാണ് എം.എല്‍.എയും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികില്‍ കാത്തുനിന്നത്. ഒമ്പതു മണിമുതൽ 11 വരെ നിൽക്കാനായിരുന്നു തീരുമാനം. ഇക്കാര്യം കഴിഞ്ഞ ദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ, 11 മണിവരെ ആരും വരാത്തതിനെ തുടർന്ന് 11.30 വരെ കാത്തുനിന്നു. നീതുവിനോ നീതുവിനെ നേരിട്ടറിയുന്നവർക്കോ തങ്ങളെ സമീപിക്കാമെന്നും പെൺകുട്ടിക്ക് വീടും സ്ഥലവും നൽകുമെന്നും അനിൽ അക്കര ഫേസ്ബുക് ലൈവിൽ വ്യക്തമാക്കിയിരുന്നു.
''നീതുജോണ്സനെ കണ്ടെത്താന്‍ ഞങ്ങൾ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്താനായില്ല. അവസാനവട്ട ശ്രമത്തിെൻറ ഭാഗമായാണ് എങ്കേക്കാട് മങ്കര റോഡില്‍ രാവിലെ ഒന്‍പത് മണിമുതല്‍ നീതുവിനെ കാത്തിരുന്നത്. നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ സമീപിക്കാമെന്ന് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ, ആരും വന്നില്ല. ഈ സാഹചര്യത്തിൽ, കത്ത് മനപൂർവം കെട്ടിച്ചമച്ചതാണെന്നാണ് ഞങ്ങൾ കരുതുന്നത്'' - കൗൺസിലർ സൈറ ബാനു ടീച്ചർ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു.

