വാർത്താചാനലിനെതിരെ അനിൽ അക്കരയുടെ പരാതി
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലേറ്റ പരാജയത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, എം.പി. വിൻസെന്റ്, അനിൽ അക്കര എന്നിവർക്കെതിരെ കെ.പി.സി.സി അന്വേഷണ സമിതി നടപടിക്ക് ശിപാർശ ചെയ്തുവെന്ന് വാർത്ത നൽകിയതിന് 24 വാർത്താചാനലിനെതിരെ അനിൽ അക്കര തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
കെ.പി.സി.സിക്കും കോൺഗ്രസ് നേതാക്കളായ തങ്ങൾക്കുമെതിരെ വ്യാജ വാർത്ത നിർമിച്ചെന്ന് കാണിച്ചാണ് പരാതിയെന്ന് അനിൽ അക്കര അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തൃശൂർ സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകിയതായും അനിൽ അക്കര അറിയിച്ചു.

