അഭിലാഷ് ടോമിയെ ഒരാഴ്ചക്കുള്ളിൽ നാട്ടിലെത്തിക്കുമെന്ന് നാവികസേന
text_fieldsകൊച്ചി: ഗോൾഡൻ ഗ്ലോബ് അന്തർദേശീയ പായ്വഞ്ചി പ്രയാണ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ കമാൻഡർ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളിൽ നാട്ടിൽ തിരിച്ചെത്തുമെന്ന് നാവികസേന. നാളെ നാവികസേനയുടെ കപ്പൽ ഐ.എൻ.എസ് സത്പുര ആംസ്റ്റർഡാം ദ്വീപിൽ എത്തും. അവിടെ നിന്നും അഭിലാഷിനെ മുംബൈയിൽ എത്തിക്കുമെന്നാണ് സൂചന. മുംബൈയിലായിരിക്കും തുടർച്ചികിത്സ.
അഭിലാഷിെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് ഇന്നലെ നാവിക സേന അറിയിച്ചിരുന്നു. നാവികസേന വൈസ് അഡ്മിറൽ അജിത്കുമാർ അഭിലാഷുമായി ഫോണിൽ സംസാരിച്ചതിന് ശേഷമായിരുന്നു ആരോഗ്യ വിവരം അറിയിച്ചത്. ഡൽഹിയിലെ നാവികസേന ആശുപത്രി ഡോക്ടർമാർ അഭിലാഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പായ്വഞ്ചി മത്സരത്തിനിടെയുണ്ടായ അപകടത്തിൽ നെട്ടല്ലിനായിരുന്നു അഭിലാഷിന് പരിക്കേറ്റത്. എക്സറേ എടുത്തതിന് ശേഷം പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
