മൊബൈൽ ഫോൺ കവർച്ച തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവാവിന്റെ കാൽ അറ്റു
text_fieldsചെന്നൈ: മൊബൈൽ ഫോൺ തട്ടിയെടുത്തയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് വീണ് ഒഡിഷ സ്വദേശിയുടെ കാൽ നഷ്ടമായി. ചെന്നൈയിലെ കൊരുക്കുപേട്ടിന് സമീപമാണ് സംഭവം. ഒഡീഷ സ്വദേശിയായ കിരൺ കുമാർ ബിസ്വാൾ എന്ന 23കാരനാണ് കാൽ നഷ്ടമായത്.
സംഭവത്തിൽ ചെന്നൈ വണ്ണാരപേട്ട സ്വദേശി സുന്ദരേശൻ (23), കീരായ് തോട്ടം സ്വദേശി യുവരാജ് (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു സോഫ നിർമാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബിസ്വാൾ സുഹൃത്തുക്കളോടൊപ്പം കേരളത്തിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. ചെന്നൈ കൊരുക്കുപേട്ട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പതിയെ നീങ്ങുമ്പോൾ ട്രെയിനിലേക്ക് ചാടിക്കയറിയ രണ്ടുപേർ വാതിലിനരികിൽ നിന്ന് ഇവരുടെ മൊബൈൽ ഫോൺ പിടിച്ചുപറിച്ച് ഓടുകയായിരുന്നു.
മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടെ കിരൺകുമാർ തെന്നിവീഴുകയായിരുന്നു. ട്രെയിൻ വലതു കാൽ മുട്ടിലൂടെ കയറി ഇറങ്ങി. ഉടൻ തന്നെ സ്റ്റാൻലി സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അറസ്റ്റിലായ സുന്ദരേശൻ സ്ഥിരം കുറ്റവാളിയാണ്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

