പശുക്കടത്ത് ആരോപിച്ച് പശ്ചിമ ബംഗാളിൽ യുവാവിനെ തല്ലിക്കൊന്നു; ഒരാൾക്ക് ഗുരുത പരിക്ക്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ മാറ്റിഗരയിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം നടത്തിയ ക്രൂരമായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ വടക്കൻ ബംഗാളിലെ തരാബാരി പ്രദേശത്ത് ബാലസൻ നദീതീരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശത്തിലൂടെ കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ പ്രദേശവാസികൾ സംശയകരമായ സാഹചര്യത്തിൽ കാണുകയും പിന്തുടരുകയുമായിരുന്നു. പ്രദേശത്ത് അടുത്തിടെ പശുക്കടത്ത് പതിവാണെന്നും ഇതിന് പിന്നിൽ ഇവരാണെന്ന് ആരോപിച്ചുമാണ് നാട്ടുകാർ കാർ തടഞ്ഞുവെച്ചത്. കാറിലുണ്ടായിരുന്ന രണ്ടുപേരെ നാട്ടുകാർ പിടികൂടിയപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് രോഷാകുലരായ ആൾക്കൂട്ടം ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ യുവാക്കളിലൊരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമത്തെയാളെ റോഡിൽ രക്തം വാർന്ന നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് വൻ സംഘർഷാവസ്ഥ ഉടലെടുക്കുകയും ആൾക്കൂട്ടം ഇവർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾ തകർത്ത് തീയിടുകയും ചെയ്തു.
വിവരമറിഞ്ഞ് മാറ്റിഗര പൊലീസ് സ്റ്റേഷനിൽ നിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് സിലിഗുരി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വധശിക്ഷക്കും അക്രമങ്ങൾക്കും നേതൃത്വം നൽകിയ മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

