ഡൽഹി സർവകലാശാല: എൻ.എസ്.യുവിന് നേട്ടം
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു. ഏഴു വർഷത്തിനുശേഷം യൂനിയൻ അധ്യക്ഷ പദം സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിൽനിന്ന് എൻ.എസ്.യു പിടിച്ചെടുത്തു.
1,300 വോട്ടിനാണ് എൻ.എസ്.യുവിന്റെ റൗനക്ക് ഖാത്രി വിജയിച്ചത്. ജോയന്റ് സെക്രട്ടറി പോസ്റ്റും എൻ.എസ്.യുവിന് ലഭിച്ചു. അതേസമയം, എൻ.എസ്.യു കഴിഞ്ഞതവണ വിജയിച്ച വൈസ് പ്രസിഡന്റ് പോസ്റ്റിൽ എ.ബി.വി.പി വിജയിച്ചു.
സെക്രട്ടറി സ്ഥാനവും എ.ബി.വി.പി നിലനിർത്തി. സെപ്റ്റംബർ 26ന് നടന്ന യൂനിയൻ തെരഞ്ഞെടുപ്പ് ഫലം ഡൽഹി ഹൈകോടതി തടഞ്ഞതിനെതുടർന്ന് രണ്ടുമാസത്തിനു ശേഷമാണ് പ്രഖ്യാപനം.
പ്രചാരണത്തിനിടെ വിദ്യാർഥികൾ പൊതുമുതൽ നശിപ്പിച്ചെന്ന അഭിഭാഷകൻ പ്രശാന്ത് മഞ്ചന്ദയുടെ പരാതിയെതുടർന്ന് കോടതി ഫലം തടഞ്ഞുവെക്കുകയായിരുന്നു. കാമ്പസുകൾ പൂർണമായും വൃത്തിയാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഫലപ്രഖ്യാപനത്തിന് ഹൈകോടതി അനുമതി നൽകിയത്. അടുത്തവർഷം ആഗസ്റ്റ് 15 വരെയാണ് പുതിയ യൂനിയന്റെ കാലാവധി.

