യു.പിയിൽ ആശ്രമ മേധാവിയെ കൊല്ലാൻ മകന്റെ ‘ക്വട്ടേഷൻ’; 11 പേർ പിടിയിൽ
text_fieldsമഥുര (യു.പി): കിഷോരി കുഞ്ച് ആശ്രമ മേധാവി സ്വാമി രാജിനെ കൊല്ലാനെത്തിയ 11 പേരെ എറ്റുമുട്ടലിനൊടുവിൽ അറസ്റ്റ് ചെയ്തതായി യു.പി പൊലീസ്. പ്രതികളിൽ നാല് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു.
സ്വാമി രാജിന്റെ മകൻ കേശവ് ദാസാണ് ‘ക്വട്ടേഷൻ’ നൽകിയത്. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാമി രാജും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. മറ്റൊരു കേസിൽ ബിഹാറിലെ ജയിലിലായിരുന്ന കേശവ് ദാസിനെ കോടതിയിൽ ഹാജരാക്കി.
കൊല്ലാനെത്തിയവരിൽനിന്ന് കാർ, തോക്കുകൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ബിപിൻ, ടീറ്റു, അജയ്, രാജ് സികർവാർ എന്നിവർക്കാണ് വെടിയേറ്റത്. അക്രമികളിൽ നാല് പേർ ബിഹാർ സ്വദേശികളും ബാക്കിയുള്ളവർ യു.പിക്കാരുമാണ്.

