യു.പിയിൽ കാരണം വ്യക്തമാക്കാതെ 85,854 വോട്ടർമാരെ പുറത്താക്കാൻ നീക്കം; മുസ്‌ലിംകളെ കൂട്ടത്തോടെ ഒഴിവാക്കാനും ശ്രമം; സമ്മതിച്ച് സി.ഇ.ഒ നവ്ദീപ് റിൺവ
text_fieldsനവ്ദീപ് റിൺവ
ലഖ്‌നൗ: ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപ്പിലാക്കിയ വിവാദ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) പ്രക്രിയയ്ക്കിടെ, കാരണം വ്യക്തമാക്കാതെ 85,854 വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഫോമുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് നിർബന്ധപൂർവം ഒപ്പുവെപ്പിച്ചെന്ന അന്വേഷണാത്മക കണ്ടെത്തൽ സ്ഥിരീകരിച്ച് യു.പി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൺവ. ഇൻവെസ്റ്റിഗേറ്റീവ് മാധ്യമ കൂട്ടായ്മയായ 'ദ റിപ്പോർട്ടേഴ്സ് കളക്ടീവ്' പുറത്തുവിട്ട വിവരങ്ങൾ ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞെങ്കിലും, ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് റിൺവ ഇക്കാര്യങ്ങൾ അബദ്ധത്തിൽ സമ്മതിച്ചത്.
ജനപ്രാതിനിധ്യ നിയമപ്രകാരവും തെരഞ്ഞെടുപ്പ് കമീഷന്റെ സ്വന്തം ചട്ടങ്ങൾ പ്രകാരവും ഒരു വോട്ടറെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമ്പോൾ വ്യക്തമായ കാരണം ബോധിപ്പിച്ച് ഉദ്യോഗസ്ഥർ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്. എന്നാൽ 'ഇറോനെറ്റ്' സോഫ്റ്റ്‌വെയർ തനിയെ സൃഷ്ടിച്ച ഫോമുകളിൽ പലതിലും കാരണങ്ങളുടെ കോളത്തിൽ "A", "N", "H", "E" തുടങ്ങിയ ഒറ്റ അക്ഷരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന കണ്ടെത്തലിന് മറുപടി നൽകാൻ സി.ഇ.ഒക്ക് കഴിഞ്ഞിട്ടില്ല.
മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ട് കൂട്ട അപേക്ഷകൾ
സംസ്ഥാനത്ത് മുസ്‌ലിം വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കാൻ 200-ലധികം തവണ ശ്രമങ്ങൾ നടന്നുവെന്ന റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ കണ്ടെത്തലും റിൺവ വീഡിയോയിൽ സമ്മതിച്ചു. എന്നാൽ 13.39 കോടി വോട്ടർമാരുള്ള ഉത്തർപ്രദേശിൽ 4,700 പേരുകൾക്കെതിരെ മാത്രമാണ് ഇത്തരത്തിൽ കൂട്ടത്തോടെയുള്ള ഫോം 7 പരാതികൾ വന്നതെന്നും, അതിനാൽ ഈ സംഖ്യ നിസ്സാരമാണെന്നുമായിരുന്നു സി.ഇ.ഒയുടെ വിചിത്ര ന്യായീകരണം. തരാബ്ഗഞ്ച്, പിലിഭിത്ത് മണ്ഡലങ്ങളിൽ ഫയൽ ചെയ്യപ്പെട്ട അപേക്ഷകളിൽ 90 ശതമാനവും മുസ്‌ലിംകൾക്കെതിരെയായിരുന്നുവെന്ന് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ഒരൊറ്റ ദിവസം ഒരേ ബൂത്തിലെ വോട്ടർമാർക്കെതിരെ കൂട്ടത്തോടെ അപേക്ഷകൾ സമർപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.
കാലാവധി കഴിഞ്ഞിട്ടും നീക്കങ്ങൾ; കമീഷൻ കൈവിട്ടു
പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കേണ്ട ഔദ്യോഗിക കാലാവധി അവസാനിച്ചതിന് ശേഷമാണ് സോഫ്റ്റ്‌വെയർ വഴി ഇത്തരം കൂട്ട അപേക്ഷകൾ ഫയൽ ചെയ്യപ്പെട്ടത്. 'അൺമാപ്പ്ഡ്' (2003 പട്ടികയിലില്ലാത്തവർ), 'യുക്തിസഹമായ വൈരുദ്ധ്യം' എന്നിവ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയാണ് ഹിയറിംഗ് നടത്തിയതെന്ന് സി.ഇ.ഒ അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ രണ്ട് വിഭാഗങ്ങളിലായി എത്രപേരെ ഒഴിവാക്കിയെന്ന കൃത്യമായ കണക്ക് പുറത്തുവിടാൻ അദ്ദേഹം തയ്യാറായിട്ടില്ല.
അതേസമയം, യു.പി സി.ഇ.ഒയെ പരസ്യമായി പിന്തുണയ്ക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തയ്യാറായില്ല. പകരം, വിവാദം കൊഴുത്ത ഒക്ടോബർ 9-ന് തന്നെ ഒരാൾക്ക് ഒരു മാസത്തിൽ 30-ലധികം വോട്ട് ഒഴിവാക്കൽ അപേക്ഷകൾ (ഫോം 7) നൽകാൻ കഴിയില്ലെന്ന പരിധി ഏർപ്പെടുത്തി കമീഷൻ നിശബ്ദമായി പ്രോട്ടോക്കോൾ തിരുത്തുകയായിരുന്നു. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ വോട്ടർപട്ടികയിൽ നടക്കുന്ന ഇത്തരം തിരിമറികൾ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കാണ് വഴിവെക്കുന്നത്.

