വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്കോ? സ്വാഗതം ചെയ്ത് ടി.വി.കെ
text_fieldsചെന്നൈ: നടൻ ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങളെ സ്വാഗതം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ പാർട്ടി തമിഴക വെട്രി കഴകം (ടി.വി.കെ). സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് മുഖ്യമന്ത്രിയായ വിജയ്യുടെ പാത, പുതിയ രാഷ്ട്രീയ തുടക്കങ്ങൾക്ക് വലിയ പ്രചോദനമാണെന്ന് ടി.വി.കെ വ്യക്തമാക്കി.
കോയമ്പത്തൂരിൽ 3,000ത്തോളം ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ധനുഷിന്റെ ഫാൻസ് അസോസിയേഷൻ 'ധനുഷ് നർപണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്നാക്കി മാറ്റിയതോടെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായത്. അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, പൊതുജനക്ഷേമം എന്നിവക്ക് ഊന്നൽ നൽകിയായിരുന്നു യോഗം ചേർന്നത്. എന്നാൽ ഈ ചടങ്ങിൽ ധനുഷ് പങ്കെടുത്തിരുന്നില്ല. കൂടാതെ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടുമില്ല.
തങ്ങളുടെ രാഷ്ട്രീയ പ്രയാണം മറ്റുള്ളവർക്ക് പ്രചോദനമാകുന്നു എന്നതിൽ സന്തോഷമുണ്ടെന്ന് ടി.വി.കെ വക്താവ് എം. സത്യകുമാർ പറഞ്ഞു. "പുതിയ രാഷ്ട്രീയ തുടക്കങ്ങൾക്ക് ടി.വി.കെ ഒരു മാതൃകയാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ ഈ ഘട്ടത്തിലേക്ക് എത്താൻ വിജയ് 30 വർഷത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്, അത് അത്ര എളുപ്പമുള്ള കാര്യമല്ല," അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ ശക്തികൾ ഉയർന്നുവരാമെങ്കിലും, അവർക്ക് ജനങ്ങൾക്കിടയിൽ എത്രത്തോളം നിലനിൽക്കാൻ സാധിക്കും എന്നതാണ് പ്രധാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിലെ വിജയത്തിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് വിജയ് അഭിനയം ഉപേക്ഷിച്ച് പൂർണമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഏതൊരു തുടക്കക്കാർക്കും വിജയിന്റെ രീതികൾ ഒരു മാതൃകയായേക്കാം, എങ്കിലും പൂർണ സമർപ്പണവും കഠിനാധ്വാനവും ഇല്ലാതെ തെരെഞ്ഞെടുപ്പിൽ വിജയിക്കാനോ പാർട്ടി മുന്നോട്ട് കൊണ്ടുപോകാനോ സാധിക്കില്ലെന്ന് സത്യകുമാർ ഓർമ്മിപ്പിച്ചു.
നേരത്തെ വിജയ്യും തന്റെ ഫാൻസ് ക്ലബ്ബുകളെ ജനക്ഷേമ പ്രസ്ഥാനങ്ങളാക്കി മാറ്റിയാണ് രാഷ്ട്രീയത്തിന്റെ അടിത്തറയിട്ടത്. സൗജന്യ ഭക്ഷണ വിതരണം, ലൈബ്രറികൾ, സൗജന്യ നിയമസഹായം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ് വിജയ് ജനങ്ങളിലേക്ക് ഇറങ്ങിയത്. ധനുഷിന്റെ ഫാൻസ് അസോസിയേഷനും സമാനമായ മാറ്റങ്ങൾക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. എം.ജി.ആർ, ജയലളിത, കരുണാനിധി തുടങ്ങിയ സിനിമാ മേഖലയിലുള്ളവർ ഭരണം നിയന്ത്രിച്ച തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ധനുഷും ചുവടുവെക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

