റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
text_fieldsമുക്കാളി റെയിവേ സ്റ്റേഷനില്‍ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞപ്പോൾ
വടകര: മാഹിക്കും വടകരക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. ഇതേത്തുടർന്ന് ഇരു ഭാഗത്തേക്കും ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല.
ശനിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് അപകടമുണ്ടായത്. പിന്നീട് ലോറി ട്രാക്കിൽ നിന്ന് മാറ്റി ഗതാഗതം പുനരാരംഭിച്ചു. അപകടത്തെ തുടർന്ന് പരശുറാം, കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ വൈകിയോടുകയാണ്.
മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടന്നുവരുന്നതിനിടെയാണ് അപകടമുണ്ടായത്. പ്ലാറ്റ്ഫോമിന് സമീപം മണ്ണ് നിറക്കാനായി എത്തിയതായിരുന്നു ടിപ്പർ ലോറി. മണ്ണ് ഇറക്കിയ ശേഷം തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി റെയിൽവേ പാളത്തിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകൾ പോകുന്ന പാളത്തിലേക്കാണ് ലോറി വീണത്. ലോറിയുടെ മുൻഭാഗം പ്ലാറ്റ്ഫോമിൽ തങ്ങിനിന്നു. പരശുറാം എക്സ്പ്രസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. ഇതേത്തുടർന്ന് പരശുറാം എക്സ്പ്രസ് മാഹി സ്റ്റേഷനിൽ പിടിച്ചിട്ടു.
കോഴിക്കോട് പാസഞ്ചറും തലശ്ശേരി സ്റ്റേഷനിൽ പിടിച്ചിട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ലോറി നീക്കിയത്. പിന്നാലെ റെയിൽ പാളത്തിന്റെ സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് ട്രെയിനുകൾ കടത്തിവിട്ടത്. രണ്ട് ട്രെയിനുകളും നിലവിൽ ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നത്.

