Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൈഗർ ഷ്‌റോഫ് വധശ്രമം; 17 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
പിടിയിലായത് രാജസ്ഥാനിലെ കോട്ടയിൽനിന്ന്
ടൈഗർ ഷ്‌റോഫ് വധശ്രമം; 17 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
cancel

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിന്റെ കാറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രാജസ്ഥാനിലെ കോട്ടയിൽനിന്ന് അക്രമികളായ മൂന്ന് പേരെ പിടികൂടി. മുംബൈയിലെ ജുഹുവിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. വെടിവെപ്പിനുശേഷം രക്ഷപ്പെട്ട പ്രതികളെ തിങ്കളാഴ്ച കോട്ട റെയിൽവേ സ്റ്റേഷനിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച വൈകീട്ട് ഏഴോടെ ജുഹുവിലെ പുഷ്പ പാർക്കിനു സമീപം ഫുട്ബാൾ കളിച്ചശേഷം മടങ്ങുകയായിരുന്ന ടൈഗർ ഷ്‌റോഫിന്റെ കാറിനു നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. താരത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർക്കും വെടിയേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈഗർ ഷ്‌റോഫ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

രാജസ്ഥാൻ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സും കോട്ട സിറ്റി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് തിങ്കളാഴ്ച പ്രതികളെ പിടികൂടിയത്. പൂനെ–ജയ്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് മുംബൈ പൊലീസിൽനിന്ന് ലഭിച്ച വിവരം. സംഭവത്തിൽ രണ്ടുപേർ വെടിയുതിർത്തവരാണെന്നും മൂന്നാമൻ ബൈക്ക് ടാക്സി ഡ്രൈവറാണെന്നും കോട്ട പൊലീസ് സ്ഥിതീകരിച്ചു. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾക്ക് 17 വയസ്സാണ്. സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ മുംബൈ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് തെളിവുകൾ ശേഖരിച്ചുമായിരുന്നു അന്വേഷണം. പ്രതികളെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘങ്ങളെയും നിയോഗിച്ചിരുന്നു.

അതേസമയം, ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ചിലർ സമൂഹമാധ്യമങ്ങളിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രചരിപ്പിക്കുന്നുണ്ട്. അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവർ ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, സംഘത്തിന്റെ പങ്ക് മുംബൈ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നടൻ സൽമാൻ ഖാനുമായി സഹകരിക്കുന്നവരും തങ്ങളുടെ മുന്നറിയിപ്പുകൾ അനുസരിക്കാത്തവരുമായ മുംബൈ സിനിമാ മേഖലയിലുള്ളവർക്ക് ബിഷ്‌ണോയ് സംഘം ഭീഷണി മുഴക്കിയാതായതും പറയുന്നു. എന്നാൽ, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിനു പിന്നിലെ കാരണം, ആക്രമണം ആസൂത്രണം ചെയ്തവരുടെ പങ്ക് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three Arrested in Tiger Shroff Shooting
Next Story