Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെന്നൈയിൽ സുപ്രീം കോടതി ബെഞ്ച് വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വിജയ്

text_fields
bookmark_border
vijay
cancel
camera_alt

വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സുപ്രീം കോടതിയുടെ സ്ഥിരം ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതുവഴി തമിഴ്‌നാടിന് മാത്രമല്ല, ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നത് എളുപ്പമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഡൽഹി വരെയുള്ള ദീർഘദൂര യാത്ര ദക്ഷിണേന്ത്യയിലെ സാധാരണക്കാർക്ക് ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്. ഭരണഘടനയുടെ 32ാം അനുച്ഛേദപ്രകാരം പൗരന്മാർക്ക് മൗലികാവകാശ സംരക്ഷണത്തിനായി സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെങ്കിലും, ദൂരക്കൂടുതലും വലിയ യാത്രാച്ചെലവും കാരണം ഈ സംവിധാനം സാധാരണക്കാർക്ക് ഇപ്പോഴും ലഭ്യമാകാതെ തുടരുകയാണെന്ന് വിജയ് വ്യക്തമാക്കി.

ചെന്നൈയിൽ പ്രത്യേക ബെഞ്ച് വേണമെന്ന ഈ ആവശ്യത്തിന് 1980 മുതൽ തന്നെ പഴക്കമുണ്ട്. 1862ൽ സ്ഥാപിതമായ മദ്രാസ് ഹൈക്കോടതിയുടെ പാരമ്പര്യവും ബാർ കൗൺസിലിന്റെ മികവും ചെന്നൈയെ ഇതിനായി ഏറ്റവും അനുയോജ്യമായ സ്ഥലമാക്കുന്നു. ജഡ്ജിമാർക്ക് ആവശ്യമായ താമസസ്ഥലം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിനൽകാൻ തമിഴ്‌നാട് സർക്കാർ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു. 2007 ആഗസ്റ്റ് 7ന് ചേർന്ന സുപ്രീം കോടതിയുടെ ഫുൾ കോർട്ട് യോഗം ഈ പ്രമേയം തള്ളിയിരുന്നുവെങ്കിലും, അന്നുമുതൽ ഈ വിഷയം സജീവമായി നിലനിൽക്കുന്നുണ്ട്.

2016ലെ ‘വി. വസന്തകുമാർ വേഴ്സസ് എച്ച്.സി. ഭാട്ടിയ’ കേസിൽ, പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നു. കൂടാതെ, 2004, 2006, 2008, 2021 വർഷങ്ങളിലെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടുകളും ലോ കമ്മീഷൻ റിപ്പോർട്ടുകളും പ്രാദേശിക ബെഞ്ചുകളുടെ ആവശ്യകത ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രാദേശിക ബെഞ്ചുകൾ സ്ഥാപിക്കുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയോ സ്വയംഭരണത്തെയോ ബാധിക്കില്ലെന്നും, ഭരണപരമായ നിയന്ത്രണം ചീഫ് ജസ്റ്റിസിന് തന്നെയായിരിക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയുമായി ചർച്ച നടത്തി അനുകൂലമായ ഒരു തീരുമാനം എടുക്കാൻ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യർഥിച്ചാണ് കത്ത് അവസാനിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tamil Nadu CM Vijay Writes to PM Modi, Seeks Supreme Court Bench in Chennai.
Next Story