കന്തൂരി ഉറൂസ്: നാഗൂർ ദർഗയിലേക്ക് 45 കിലോ ചന്ദനം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
text_fieldsചന്ദനം കൈമാറുന്നത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി നാഗൂർ ദർഗ ഭാരവാഹികൾക്ക് നൽകുന്നു
ചെന്നൈ: പ്രശസ്തമായ നാഗൂർ ദർഗയിലെ കന്തൂരി ഉറൂസിനോടനുബന്ധിച്ച് 45 കിലോ ചന്ദനം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചന്ദനം കൈമാറുന്നത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ നാഗൂർ ദർഗ മാനേജിങ് ട്രസ്റ്റ് എച്ച്. ഹാജ നജീമുദ്ദീൻ സാഹിബ് ഏറ്റുവാങ്ങി. നവംബർ 10നാണ് നാഗൂർ ദർഗയിൽ ഈ വർഷത്തെ കന്തൂരി ഉറൂസ് നടക്കുന്നത്.
ചടങ്ങിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി എ.എം. ഷാജഹാൻ, തൊഴിൽ-നൈപുണ്യ വികസന വകുപ്പ് മന്ത്രി ജെ. മുഹമ്മദ് ഫർവാസ്, വനകാര്യ മന്ത്രി ആർ.വി. രഞ്ജിത് കുമാർ, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും രാമനാഥപുരം എം.പി.യുമായ കെ. നവാസ് കനി എന്നിവരും പങ്കെടുത്തു.
എന്താണ് കന്തൂരി ഉറൂസ്?
തമിഴ്നാട്ടിൽ വളരെ വിപുലമായി ആഘോഷിക്കപ്പെടുന്ന ഒരു പ്രശസ്തമായ സൂഫി ഉറൂസാണ് കന്തൂരി അഥവാ നാഗൂർ ദർഗ ഉറൂസ്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫി വര്യനായ ഹസ്രത്ത് സയ്യിദ് ഷാഹുൽ ഹമീദ് ഖാദിർ വലിയുടെ സ്മരണ പുതുക്കാനായാണ് 14 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉറൂസ് സംഘടിപ്പിക്കുന്നത്. സൂഫിവര്യന്റെ ശവകുടീരം നിലകൊള്ളുന്ന തമിഴ്നാട്ടിലെ നാഗപട്ടണത്തിനടുത്തുള്ള ദർഗയിലാണ് നടക്കുക.
കന്തൂരി ഉറൂസിന്റെ ഒൻപതാമത്തെയോ പത്താമത്തെയോ ദിവസം നടക്കുന്ന 'ചന്ദനക്കുടം' ഘോഷയാത്രയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. വലിയൊരു രഥത്തിൽ ‘ചന്ദന അരപ്പ്’ ദർഗയിലേക്ക് ഘോഷയാത്രയായി കൊണ്ടുവരികയും അത് മഖ്ബറയിൽ (ശവകുടീരത്തിൽ) പുരട്ടുകയും ചെയ്യുന്നു. പുരട്ടിയ ശേഷം ബാക്കി വരുന്ന ചന്ദനം ഭക്തർക്ക് വിതരണം ചെയ്യുന്നതാണ് രീതി. ഇങ്ങനെ വിതരണം ചെയ്യുന്ന ചന്ദനത്തിന് അത്ഭുതകരമായ രോഗശാന്തി നൽകാനുള്ള കഴിവുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.

