സുശീൽ കുമാർ മോദി കേന്ദ്രത്തിലേക്ക്; ബിഹാറിൽ നിതീഷിന് പുതിയ ഉപമുഖ്യമന്ത്രി
text_fieldsസുശീൽ കുമാർ മോദി, നിതീഷ് കുമാർ
പട്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ ബി.ജെ.പിക്ക് ലഭിക്കുന്ന ഉപമുഖ്യമന്ത്രി പദത്തിന് പുതിയ അവകാശി എത്തിയേക്കും. സുശീൽ കുമാർ മോദി കേന്ദ്ര മന്ത്രിസഭയിൽ അംഗമാകാൻ ഒരുങ്ങുന്നതിനാൽ തർകിഷോർ പ്രസാദ് ഉപമുഖ്യമന്ത്രിയാകുമെന്ന് എൻ.ഡി.ടി.വി റിപോർട്ട് ചെയ്തു.
കതിഹാറിൽ നിന്ന് തുടർച്ചയായി നാലാം തവണയും വിജയിച്ച പ്രസാദിനെ ഞായറാഴ്ച ബി.ജെ.പിയുടെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. തിങ്കളാഴ്ചയാണ് നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വീണ്ടും ബിഹാറിൽ അധികാരമേൽക്കുന്നത്. 12ാം ക്ലാസ് വിദ്യാഭ്യാസം ഉള്ള പ്രസാദ് എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
തർകിഷോർ പ്രസാദ്
പ്രസാദിനെ ഒറ്റക്കെട്ടായാണ് പാർട്ടി നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ നിതീഷ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽകുമാർ മോദി പറഞ്ഞു. രേണു ദേവിയാണ് നിയമസഭ കക്ഷി ഉപനേതാവ്. പട്നയിൽ ഞായറാഴ്ച ചേർന്ന യോഗത്തിലായിരുന്നു പ്രഖ്യാപനങ്ങൾ.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിഹാറിെൻറ ചുമതലയുള്ള നേതാവ് ഭൂപേന്ദ്ര യാദവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ് എന്നിവർ യോഗത്തിനുണ്ടായിരുന്നു.
243 അംഗ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് ബിഹാറിൽ എൻ.ഡി.എ അധികാരം നിലനിർത്തിയത്.

