കോളജ് ഹോസ്റ്റലിൽ വിദ്യാർഥിക്ക് ക്രൂരമർദനം, ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹത്ത് വെച്ചു; സഹപാഠികൾ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: കോളജ് ഹോസ്റ്റലിൽ സഹപാഠിയെ അതിക്രൂരമായി മർദിച്ച് വിദ്യാർഥികൾ. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നാല് എഞ്ചിനീയറിങ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമവാരത്തിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലാണ് സംഭവം.
ഹോസ്റ്റൽ റൂമിൽ വെച്ച് നാലു യുവാക്കൾ മറ്റൊരു വിദ്യാർഥിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ദയനീയമായി കരഞ്ഞുകൊണ്ട് വിദ്യാർഥി അടിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. അത് ചെവികൊള്ളാതെ വടികളും മറ്റും കൊണ്ട് മർദനം തുടരുകയാണ് മറ്റ് വിദ്യാർഥികൾ. അടിയേറ്റ കുട്ടിയുടെ വസ്ത്രമുൾപ്പെടെ കീറിപ്പോയിട്ടുണ്ട്.
പ്രതികൾ ഇസ്തിരിപ്പെട്ടി ചൂടാക്കി കൈക്കും നെഞ്ചത്തും വെച്ചതായും വടികളും പി.വി.സി പൈപ്പുകളും ഉപയോഗിച്ച് മർദിച്ചതായും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ മർദനത്തിനുള്ള കാരണം വ്യക്തമല്ല.
എസ്.ആർ.കെ.ആർ എഞ്ചിനീയറിങ് കോളജിലെ കനപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് എല്ലാവരും. രണ്ട് ദിവസം മുമ്പ് നടന്ന സംഭവമാണിതെന്ന് പൊലീസ് പറയുന്നു. മർദനമേറ്റ അങ്കിത് എന്ന വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്. നെഞ്ചത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിക്കുമുണ്ട്.

