ആന്ധ്ര സഹോദര പോരാട്ടത്തിലേക്ക്
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിൽ രണ്ടു പ്രമുഖ പാർട്ടികളുടെ അമരക്കാരായി സഹോദരങ്ങൾ. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിളയെ പി.സി.സി അധ്യക്ഷയായി കോൺഗ്രസ് നിയോഗിച്ചു. കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് വൈ.എസ്.ആർ കോൺഗ്രസ് രൂപവത്കരിച്ച് മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ശർമിള.
സ്വന്തം പാർട്ടിയായ വൈ.എസ്.ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിപ്പിച്ച് ശർമിള ജനുവരി നാലിനാണ് മാതൃസംഘടനയിൽ തിരിച്ചെത്തിയത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഹോദരങ്ങളുടെകൂടി ഏറ്റുമുട്ടലിന് വഴിയൊരുക്കി സംസ്ഥാനത്തെ പാർട്ടി ചുമതല നൽകുകയാണ് കോൺഗ്രസ് ചെയ്തത്. നിലവിലെ പി.സി.സി അധ്യക്ഷൻ ജി. രുദ്രരാജുവിനെ പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവാക്കി.

