തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സേലം ജില്ലയിലെ ശങ്കരിക്ക് സമീപമാണ് അപകടം. അപകടത്തിൽപ്പെട്ട സ്വകാര്യ ബസിൽ സ്ഥാപിച്ച കാമറയിലാണ് കൂട്ടിയിടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.
എതിർദിശയിൽ നിന്ന് വേഗതയിലെത്തിയ മറ്റൊരു ബസ് കാമറയുണ്ടായിരുന്ന ബസിലേക്ക് ഇടിച്ചു കയറുന്നതും ഡ്രൈവറും യാത്രക്കാരും സീറ്റിൽ നിന്ന് മുൻവശത്തെ ഗ്ലാസിന് മുകളിലേക്ക് തെറിച്ച് വീഴുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇടിയിൽ ബസ് തകരുന്നതും അപകടശേഷം നാട്ടുകാർ ഓടിക്കൂടുന്നതും ദൃശ്യങ്ങളിൽ കാണാം.
എടപ്പാടി-ശങ്കരി ഹൈവേയിലെ കോഴിപ്പണ്ണൈ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. 30 യാത്രക്കാരുമായി എടപ്പാടിയിൽ ശങ്കരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും 55 വിദ്യാർഥികളുമായി തിരുച്ചങ്കോട് നിന്ന് വരികയായിരുന്ന കെ.എസ്.ആർ കോളജിന്റെ ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ മുപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ സേലത്തെയും എടപ്പാടിയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ് ഡ്രൈവർ പി. അരുണാചലം (42), കോളജ് ബസ് ഡ്രൈവർ സി. ചിന്നക്കണ്ണൻ (60) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

