ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു
text_fieldsന്യൂഡൽഹി: മുൻ റിസർബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രിയുടെ രണ്ടാം പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാബിനറ്റ് നിയമന കമ്മിറ്റിയുടെ ഉത്തരവു പ്രകാരം പ്രധാനമന്ത്രിയുടെ കാലാവധി വരെയോ ഇനിയൊരുത്തരവുണ്ടാവുന്നതുവരെയോ ആണ് നിയമനം.
2018 മുതൽ ആർ.ബി.ഐയുടെ ഗവർണറായി ആറു വർഷം ശക്തികാന്ത ദാസ് പൂർത്തിയാക്കിയിരുന്നു. ആർ.ബി.ഐയുടെ 25ാമത് ഗവർണറായിരുന്നു ശക്തികാന്ത ദാസ്. തമിഴ്‌നാട് കേഡറില്‍ നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് ആർ.ബി.ഐ ഗവർണർ സ്ഥാനത്തു നിന്ന് ശക്തികാന്ത ദാസ് വിരമിച്ചത്. പകരം സഞ്ജയ് മൽഹോത്ര സ്ഥാനമേൽക്കുകയും ചെയ്തു. 2021ൽ, പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ സംഭാവനകൾക്ക് ഉത്കൽ യൂണിവേഴ്‌സിറ്റി ദാസിന് ഡി ലിറ്റ് നൽകി ആദരിച്ചിരുന്നു. മുൻ ഐ.എ.എസ് ഓഫിസർ പി.കെ. മിശ്രയാണ് പ്രധാനമന്ത്രിയുടെ ഒന്നാമത്തെ പ്രിൻസിപ്പൽ സെക്രട്ടറി.

