മദ്യനയക്കേസ്: ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി കോടതി
text_fieldsസഞ്ജയ് സിങ്
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി റൂസ് അവന്യൂ കോടതി. പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ആണ് എം.പിയുടെ ഹരജി തള്ളിയത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഒക്ടോബർ നാലിനായിരുന്നു ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. എം.പിയുടെ വസതിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. മൂന്ന് എ.എ.പി നേതാക്കളെയാണ് ഇതുവരെ മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിൽ എ.എ.പി നേതാവ് വിജയ് നായറെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരിയിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരുവരും ജയിലിൽ തുടരുകയാണ്.

