‘ആർഎസ്‍എസ് സ്ത്രീകളെ പുരുഷന്റെ സ്വത്തായി കാണുന്നു, അവരുടേത് ഭരണഘടനാവിരുദ്ധ സമ്പ്രദായം’; കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി, മോഹൻ ഭാഗവത്
ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർ.എസ്.എസ് സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തായാണ് കാണുന്നത്. ഇത്തരത്തിൽ ഭരണഘടനാവിരുദ്ധമായ ഒരു സമ്പ്രദായമാണ് അവർ പിന്തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലായിരുന്നു പരാമർശം.
ശിവ-ശക്തിയിലുള്ള വിശ്വാസമാണ് ആർ.എസ്.എസിനെതിരെ പോരാടാൻ തനിക്ക് സന്തോഷം നൽകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആർ.എസ്.എസുമായി ബന്ധപ്പെട്ടിരിക്കുന്ന നിരവധി സ്ത്രീകൾ പോലും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.എസിന് പുരുഷാധിപത്യ മനോഭാവമാണെന്ന് രാഹുൽ ഗാന്ധി നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു വരുന്നതിനിടെയാണ് ഈ ആരോപണം.
കഴിഞ്ഞ ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ പൂനെയിൽ നടന്ന ഛാത്രോൺ കി ഗൂഞ്ച് എന്ന യുവജന സംഗമത്തിൽ സംസാരിക്കവെ, മനുസ്മൃതിയിലെ പുരുഷാധിപത്യ പ്രവണതകളെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പിതാവിനോ ഭർത്താവിനോ മകനോ വേണ്ടിയുള്ളവരല്ല സ്ത്രീകളെന്നും അവർക്ക് സ്വന്തം വ്യക്തിത്വമുണ്ടെന്നും രാഹുൽ അന്ന് വ്യക്തമാക്കി.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ സ്ത്രീകൾ പുരുഷ ബന്ധുക്കളുടെ അധികാരത്തിന് കീഴിൽ കഴിയണമെന്നാണ് മനുസ്മൃതിയിൽ പറയുന്നതെന്നും ഈ പരാമർശങ്ങൾ ലജ്ജാകരമാണെന്നും, സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മാനസികാവസ്ഥയാണ് ആർ.എസ്.എസും ബി.ജെ.പിയും പ്രോത്സാഹിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ വേദങ്ങളെ കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും രാഹുൽ ഗാന്ധിക്കുള്ളത് അപൂർണമായ അറിവാണെന്ന് വിമർശിച്ച ബി.ജെ.പി, പൂനെയിലെ പരിപാടിയെ കേവലം ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നാണ് കുറ്റപ്പെടുത്തിയത്.
കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയും ഇന്ന് ആർ.എസ്.എസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. വിജയദശമി പദസഞ്ചലന പരിപാടിക്ക് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ച് അനുമതി വാങ്ങണമെന്നാണ് പ്രിയങ്ക് മുന്നറിയിപ്പ് നൽകിയത്.

