Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരവാദത്തിൽ ഇരട്ടത്താപ്പ് വേണ്ട; പാകിസ്താന് മുന്നിൽ നിലപാട് കടുപ്പിച്ച് രാജ്‌നാഥ് സിങ്

text_fields
bookmark_border
ഭീകരവാദത്തിൽ ഇരട്ടത്താപ്പ് വേണ്ട; പാകിസ്താന് മുന്നിൽ നിലപാട് കടുപ്പിച്ച് രാജ്‌നാഥ് സിങ്
cancel

ദുഷാൻബെ: ഭീകരവാദത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. താജിക്കിസ്താനിലെ ദുഷാൻബെയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റ് യോഗത്തിലാണ് രാജ്‌നാഥ് സിങ് നിലപാട് വ്യക്തമാക്കിയത്. പാകിസ്താൻ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഇഷാഖ് ദാറിന്റെ സാന്നിധ്യത്തിലായിരുന്നു പരാമർശം.

ഭീകരവാദം വികസനത്തിന് മുന്നിലുള്ള ഏറ്റവും ഗുരുതരമായ ഭീഷണികളിലൊന്നാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇത് മനുഷ്യജീവനുകൾക്ക് മാത്രമല്ല, നിക്ഷേപത്തെയും വ്യാപാരത്തെയും ബാധിക്കുന്നു. ഭീകരവാദം സമൂഹങ്ങളെ തീവ്രവൽക്കരിക്കുകയും യുവാക്കൾക്ക് അർഹമായ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഭീകരവാദത്തിന് ഒരു ന്യായീകരണവും ഉണ്ടാകാൻ പാടില്ല. അതിനെ നേരിടുന്നതിൽ ഇരട്ടത്താപ്പിനും സ്ഥാനമില്ല. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കും പിന്തുണക്കുന്നവർക്കും സുരക്ഷിത താവളം ഒരുക്കുന്നവർക്കും ഇടമുണ്ടാകരുത്. ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും ശക്തമായും കൂട്ടായും അവസാനിപ്പിക്കണം,” രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്‌നാഥ് സിങ് സംസാരിക്കുമ്പോൾ ഇഷാഖ് ദാർ അദ്ദേഹത്തിന് എതിർവശത്തായിരുന്നു ഇരുന്നത്. ഇരുവരും ഒരേ മേശയിലിരിക്കുന്ന ദൃശ്യങ്ങളും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരായ കൂട്ടായ നടപടിയുടെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തെ എസ്‌സിഒ വേദിയിൽ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ, റിക്രൂട്ട്‌മെന്റ്, തീവ്രവൽക്കരണം, സുരക്ഷിത താവളങ്ങൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ സംവിധാനവും തകർക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തിയിരുന്നു. ഭീകരവാദത്തെയും അതിന് അഭയം നൽകുന്നവരെയും വേർതിരിച്ച് കാണാനാകില്ലെന്ന നിലപാടാണ് ഇന്ത്യ തുടർച്ചയായി സ്വീകരിക്കുന്നത്.

എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്സ് ഓഫ് ഗവൺമെന്റ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് രാജ്‌നാഥ് സിങ് താജിക്കിസ്താനിലെത്തിയത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുഷാൻബെയിലെത്തിയ അദ്ദേഹത്തിന് താജിക്കിസ്താൻ പ്രതിരോധമന്ത്രി എമോമലി സോബിർസോദ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക സ്വീകരണം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No double standards on terrorism; Rajnath Singh takes a firm stand against Pakistan
Next Story